05 April Sunday

ജാക്കിനെ സൂക്ഷിച്ചോ; പണി പാളും

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


സ്വന്തം ലേഖകൻ
തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ പതിവ്‌ പരിശോധനയ്‌ക്ക്‌ ഇറങ്ങിയതായിരുന്നു പൊലീസ്‌ നായ ജാക്കും സംഘവും. ഒന്നാം പ്ലാറ്റ്‌ഫോമിലെ വിശ്രമമുറിയുടെ മുന്നിൽ എത്തിയപ്പോൾ ജാക്ക്‌ നിന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥരും ജാക്കും അകത്തേയ്‌ക്ക്‌ കയറി. രണ്ട്‌ ബാഗുമായി ഒരാൾ പരുങ്ങുന്നു. ബാഗിനുള്ളിൽ മൂന്ന്‌ പൊതികളിലായി 16.5 കിലോ കഞ്ചാവ്‌.

പാച്ചല്ലൂർ സ്വദേശിയായ അഭിരാജാണ്‌(22) തിങ്കളാഴ്‌ച 16.5 കിലോയുമായി റെയിൽവേ വിശ്രമമുറിയിൽ നിന്ന്‌ പിടിയിലായത്‌. ആന്ധ്രപ്രദേശിലെ രാജ മുണ്ട്രയിൽ നിന്നാണ്‌ അഭിരാജ്‌ കഞ്ചാവ്‌ വാങ്ങിയത്‌. കഞ്ചാവ്‌ ഭദ്രമായി പൊതിഞ്ഞ്‌ ബാഗിനുള്ളിലാക്കി വിശാഖ എക്‌സ്‌പ്രസിൽ നാഗപട്ടണത്ത്‌ നിന്നും തിരുവനന്തപുരത്ത്‌ എത്തി. ഈ കഞ്ചാവ്‌ വിതരണക്കാർക്ക്‌  കൈമാറാനായി വിശ്രമകേന്ദ്രത്തിൽ കാത്തിരിക്കവെയാണ് ജാക്കിന്റെ മുൻപിൽപെട്ടത്. മുൻപും സമാനരീതിയിൽ അഭിരാജ്‌ കഞ്ചാവ്‌ കടത്തിയിട്ടുണ്ട്‌.

പിടിച്ചെടുത്ത കഞ്ചാവിന് 10 ലക്ഷത്തോളം രൂപ വരും. റെയിൽവേ സ്‌റ്റേഷൻ വഴി നിരന്തരം കഞ്ചാവ് കടത്തുന്നുവെന്ന പരാതി ലഭിച്ചതോടെയാണ് പൊലീസ് പരിശോധന ഊർജിതമാക്കിയത്.

ജനുവരി 26നാണ്‌ പരിശീലനം പൂർത്തിയാക്കി ലാബ്രഡോർ ഇനമായ ജാക്ക്‌ റെയിൽവേ പൊലീസിലെത്തിയത്‌. റെയിൽവേ സ്‌റ്റേഷനുകളോടനുബന്ധിച്ച്‌ ലഹരി വസ്‌തുക്കൾ മണത്ത്‌ പിടിക്കുന്നതിലായിരുന്നു ജാക്കിന്റെ പരിശീലനം. ലഹരി വസ്‌തുക്കളുടെ മണം നിമിഷനേരം കൊണ്ട്‌ ജാക്കിന്‌ തിരിച്ചറിയാനാകും.


പ്രധാന വാർത്തകൾ
 Top