01 April Wednesday

സെമിത്തേരി ബിൽ : മുഖ്യമന്ത്രിക്കും നിയമസഭയ്‌‌ക്കും ജോസഫ്‌ മാർത്തോമ്മായുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


കോഴഞ്ചേരി
സെമിത്തേരി ബിൽ പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയ്‌ക്കും അഭിനന്ദനമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ. മാരാമൺ കൺവൻഷനിൽ നടന്ന എക്യുമെനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് അധ്യക്ഷനായി. സഭാ തർക്കത്തെ തുടർന്ന് മൃതശരീരങ്ങൾ അപമാനിതമാകുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇത് സമൂഹത്തിൽ  ക്രമസമാധാനം തകരുന്നിടം വരെ എത്തുകയും  വിശ്വാസികളുടെ മനസ്‌ സംഘർഷഭരിതമാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരം ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കിയത്. ഇതോടെ തങ്ങളുടെ കുടുംബ കല്ലറകളിൽതന്നെ പിൻഗാമികളുടെ മൃതശരീരം അടക്കം ചെയ്യാനുള്ള മാനുഷികമായ അവകാശം നിയമം മൂലം യാഥാർഥ്യമാക്കി.

മലങ്കര ഓർത്തഡോക്സ് -യാക്കോബായ ക്രിസ്ത്യൻ സെമിത്തേരി ആക്ട് നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും ഭരണ, പ്രതിപക്ഷ അംഗങ്ങൾക്കുമാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ മറ്റ് സഭകളിലെ ഉൾപ്പടെയുള്ള മേലധ്യക്ഷന്മാരെ സാക്ഷിനിർത്തി നന്ദി പ്രകാശിപ്പിച്ചത്.

രാജ്യത്തെ അനിശ്ചിതത്വത്തിന്റെ കാർമേഘം മൂടുന്ന ഇക്കാലത്ത് സഭകൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടന്നിയ ബിഷപ്പ് ധർമരാജ് റസാലം പറഞ്ഞു. രാജ്യവും കുടുബവും എല്ലാം കലുഷിതമാണ്. ഇവിടെയാണ് ഐക്യത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top