23 January Wednesday

കടവുംഭാഗം സിനഗോഗിൽ യഹൂദചരിത്ര മ്യൂസിയം സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018


കൊച്ചി > വൻകരകൾ താണ്ടിയെത്തിയ അവർ തങ്ങളുടെ പൂർവികരുടെ പ്രാർഥനാലയത്തിൽ ഒരുനിമിഷം കണ്ണടച്ചു. ചിലർക്ക് കണ്ണീരിറ്റു. പിന്നെ സന്തോഷവും സങ്കടവും അടക്കി ഹീബ്രുവിൽ പ്രാർഥന. വരുംതലമുറയ്ക്കായി എറണാകുളം മാർക്കറ്റിലെ ജൂസ് സ്ട്രീറ്റിലുള്ള കടവുംഭാഗം യഹൂദദേവാലയം ചരിത്രമ്യൂസിയമാക്കുന്ന ചടങ്ങിനു മുന്നോടിയായാണ് ഇസ്രയേൽ, അമേരിക്ക, കനഡ എന്നിവിടങ്ങളിൽനിന്നുള്ള യഹൂദസംഘം പ്രാർഥന നടത്തിയത്. യേശുക്രിസ്തു ഉപയോഗിച്ച ഭാഷയെന്ന് അറിയപ്പെടുന്ന അരാമിയ ഭാഷയിൽ സംഗീതം ആലപിച്ചതും ശ്രദ്ധേയമായി.

എഡി 1200ലാണ് കടവുംഭാഗം സിനഗോഗ് പണിതത്. യഹൂദർ കേരളത്തിൽ ആദ്യമായെത്തിയ മുസിരിസ് തുറമുഖപ്രദേശത്ത് നിർമിച്ച സിനഗോഗിന്റെ പകർപ്പാണ് ഇതെന്ന് വിശ്വാസിക്കുന്നു. 1948ൽ ഇസ്രയേൽ രൂപീകൃതമായശേഷം യഹൂദർ കേരളത്തിൽനിന്ന് പലപ്പോഴായി മടങ്ങിയപ്പോൾ പതിറ്റാണ്ടോളം സിനഗോഗ് അടച്ചിട്ടു. 1959ൽ യഹൂദസമുദായാംഗമായ ഏലിയാസ് ജോസഫായ് സിനഗോഗിന്റെ സംരക്ഷണം ഏറ്റെടുത്തു. 400 വർഷം പഴക്കമുള്ള ബൽജിയം തൂക്കുവിളക്കുകൾ ഉൾപ്പെടെയുള്ള സിനഗോഗ് ഏതാനും മാസംമുമ്പ് നവീകരിച്ചു. തോറ അടക്കം ചെയ്ത അൾത്താര കേടുകൂടാതെ ഇപ്പോഴുമുണ്ട്. യഹൂദർ വീടുകളിലും പള്ളികളിലും ഉപയോഗിച്ചിരുന്ന വിളക്കുകൾ, ഉപകരണങ്ങൾ, പ്രാർഥനാ സാമഗ്രികൾ, അലങ്കാരങ്ങൾ, വേദപുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ മ്യൂസിയത്തിൽ സ്ഥാപിക്കും.
രാജഭരണകാലത്ത് യഹൂദർക്ക് കച്ചവടസമൂഹം എന്ന നിലയിൽ എറണാകുളം ചന്തയിൽ മേലധികാരം ഉണ്ടായിരുന്നു. എറണാകുളം ചന്ത രൂപീകരിക്കുന്നതിൽ യഹൂദർ മുഖ്യപങ്കുവഹിച്ചു. സിനഗോഗുകളുടെ മേലധികാരത്തിലായിരുന്ന ചന്ത 1935ൽ യഹൂദർ എറണാകുളം മുനിസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു.

കേരളത്തിലെയും കൊച്ചിയിലെയും യഹൂദചരിത്രവും സംസ്‌കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് കടവുംഭാഗം സിനഗോഗ് അന്താരാഷ്ട്ര മ്യൂസിയമാക്കുന്നത്. 500 ചതുരശ്ര അടിയോളം വിസ്തീർണമുള്ള നടുഭാഗത്തെ അസ്സാറ മുറിയാണ് മ്യൂസിയമാക്കി മാറ്റുന്നതെന്ന് സിനഗോഗിൽ ചേർന്ന പരിപാടിയിൽ ബിനെ ഇസ്രയേൽ ഹെറിറ്റേജ് മ്യൂസിയം ആൻഡ് ജീനിയോളജിക്കൽ റിസർച്ച് സെന്റർ മാനേജിങ് ട്രസ്റ്റി റാൾഫി ജിറാഡ് പ്രഖ്യാപിച്ചു. 1948 വരെ ഹീബ്രു സ്‌കൂൾ ഈ മുറിയിലായിരുന്നു പ്രവർത്തിച്ചത്. സിനഗോഗ് പുനരുദ്ധരിക്കാൻ സഹായിച്ച പാലിയത്ത് കുടുംബാംഗമായ സ്വാമി ഹരിപ്രസാദിനെ വാഷിങ്ടണിലെ ബിനായ് ബ്രിത്ത് ജൂതസംഘടനയുടെ പേരിൽ റബ്ബി എബ്രഹാം മുഷൽ ആദരിച്ചു. യഹൂദരെ ഇന്ത്യ സ്വീകരിച്ചത് അഭയാർഥികളായല്ല, മറിച്ച് അതിഥികളായിട്ടായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ചെന്നൈ ലയോള കോളേജ് ഗവേഷകൻ വി കെ ബോസ്, ലയോളയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയലോഗ് വിത്ത് കൾചേഴ്‌സ് ആൻഡ് റിലീജിയൻസ് മേധാവി ഫാ. വിൻസെന്റ് ശേഖർ, ഡോ. അറി ഗ്രീൻസ്പാൻ, ജോയൽ വെയ്‌ൻെബർഗർ, ബോണി തോമസ്, സ്വാമി ഹരിപ്രസാദ്, സിനഗോഗ് സൂക്ഷിപ്പുകാരൻ ഏലിയാസ് ജോസഫായ് എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
 Top