28 February Friday
അവശിഷ്‌ടം വേർതിരിച്ചു തുടങ്ങി

45 ദിവസത്തിനകം ക്ലീനാകും ; ആദ്യം നീക്കുന്നത്‌ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒയുടെ അവശിഷ്‌ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

മരടിൽ പൊളിച്ച ഹോളി ഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്‌ളാറ്റിന്റെ കോൺക്രീറ്റ്‌ പാളികൾ എസ്‌കവേറ്റർ ഉപയോഗിച്ച്‌ ചെറിയ കഷ്‌ണങ്ങളാക്കുന്നു. ഫോട്ടോ: മനുവിശ്വനാഥ്‌


സ്വന്തം ലേഖകൻ
മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ കെട്ടിടാവശിഷ്‌ടങ്ങൾ 45 ദിവസത്തിനകം നീക്കും. ഇരുമ്പ്‌ വേർതിരിച്ചശേഷമുള്ള കോൺക്രീറ്റ്‌ അവശിഷ്‌ടം ആലുവയിലെ പ്രോംപ്‌റ്റ്‌ എന്റർപ്രൈസസ്‌ കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണകേന്ദ്രത്തിൽ എത്തിക്കും. ആറ്‌ എംഎം, 12 എംഎം വലിപ്പത്തിൽ അവശിഷ്‌ടങ്ങൾ മാറ്റും. ഇത്‌ തറയിൽ വിരിക്കാവുന്ന സിമെന്റ്‌ ബ്ലോക്കുകളോ എംസാൻഡോ ആക്കാനാണ്‌ പദ്ധതിയെന്ന്‌ കമ്പനി പാർട്ണർ അച്യുത്‌ ജോസഫ്‌ പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെയും ലാൻഡ്‌ ട്രിബ്യൂണലിന്റെയും നിർദേശമനുസരിച്ചാണ്‌ അവശിഷ്‌ടം മാറ്റുന്നത്‌. ആദ്യം ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒയുടെ അവശിഷ്‌ടങ്ങളാണ്‌ നീക്കുന്നത്‌.

35 ലക്ഷം രൂപ നൽകിയാണ്‌ പ്രോംപ്‌റ്റ്‌ കെട്ടിടാവശിഷ്‌ടം ഏറ്റെടുത്ത്‌ നീക്കുന്നത്‌. ബുധനാഴ്‌ച ആദ്യ ലോഡ്‌ കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളിൽനിന്ന്‌ അവശിഷ്‌ടം നീക്കുന്നതാണ്‌ ഏറെ ശ്രമകരം. ഈ ഭാഗത്തേക്ക്‌ ഇടുങ്ങിയ റോഡായതിനാൽ വലിയ വാഹനങ്ങൾക്ക്‌ കടക്കാനാകില്ല. കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കേണ്ടിവരുന്നത്‌ വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പൊലീസും നഗരസഭാ അധികൃതരും ചേർന്ന്‌ തീരുമാനിക്കും.

പൊടിശല്യം രൂക്ഷം
നാല്‌ ഫ്ലാറ്റുകളുടെയും പരിസരത്ത്‌ പൊടിശല്യം രൂക്ഷമാണ്‌. കായൽക്കാറ്റ്‌ ഇടതടവില്ലാതെ വീശുന്ന ഇവിടെ മുഖം  മൂടിധരിച്ചാണ്‌ നാട്ടുകാർ പുറത്തിറങ്ങുന്നത്‌. ആൽഫ സെറീൻ ഫ്ലാറ്റിനുസമീപത്തുനിന്ന്‌ മാറ്റിയ എട്ട്‌ വീട്ടിലെ താമസക്കാർ ദുരിതത്തിലാണ്‌. ഇവിടത്തെ പൊടിശല്യത്തിന്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌  സ്‌ത്രീകൾ മരട്‌ നഗരസഭാ ചെയർപേഴ്‌സണെ  ഉപരോധിച്ചു. നടപടി സ്വീകരിക്കാമെന്ന്‌ സബ്‌ കലക്‌ടർ സ്‌നേഹിൽകുമാർ സിങ് ഉറപ്പുനൽകിയശേഷമാണ്‌ പ്രതിഷേധിച്ചവർ പിരിഞ്ഞുപോയത്‌. ചുമയും ശ്വാസംമുട്ടലും വ്യാപകമായതിനെ തുടർന്ന്‌ ഫ്ലാറ്റുകളുടെ പരിസരത്തുള്ളവർക്കായി മെഡിക്കൽ ക്യാമ്പും ആരംഭിച്ചു.

അവശിഷ്‌ടം വേർതിരിച്ചു തുടങ്ങി
തകർത്ത രണ്ട്‌ ഫ്ലാറ്റുകളുടെ അവശിഷ്‌ടം വേർതിരിക്കൽ തുടങ്ങി. കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്ത്‌ എച്ച്‌ടുഒയിലും നെട്ടൂരിലെ ജെയിൻ കോറൽകോവിലുമാണ്‌ കമ്പി വേർതിരിക്കാൻ ആരംഭിച്ചത്‌.  സ്‌ഫോടനം നടത്തിയ കമ്പനികൾ തന്നെ കോൺക്രീറ്റിലെ കമ്പി വേർതിരിച്ചു കൊണ്ടുപോകും. കല്ലും കോൺക്രീറ്റ്‌ അവശിഷ്ടങ്ങളും ആലുവയിലെ പ്രോംപ്‌റ്റ്‌ എന്റർപ്രൈസസ്‌ എന്ന സ്ഥാപനമാണ്‌ ഏറ്റെടുത്തത്‌. നാല്‌ ഫ്ലാറ്റുകളിലെ  76,350 ടൺ അവശിഷ്‌ടമാണ്‌ നീക്കാനുള്ളത്‌.

ജാക്ക്‌ഹാമ്മർ എസ്‌കവേറ്റർ ഉപയോഗിച്ചാണ്‌ കൂറ്റൻ കോൺക്രീറ്റ്‌ കഷണങ്ങൾ തകർക്കുന്നത്‌. പൊടി പറക്കാതിരിക്കാൻ വെള്ളം പമ്പുചെയ്യുന്നുണ്ട്‌. കോൺക്രീറ്റ്‌ തകർത്തശേഷം ഗ്യാസ്‌ കട്ടർ ഉപയോഗിച്ച്‌ കമ്പികൾ മുറിച്ചെടുക്കും.

പൊളിക്കൽ കമ്പനിയായ എഡിഫസിന്റെ ചെന്നൈയിൽനിന്നുള്ള ജോലിക്കാരാണ്‌ സ്ഥലത്തുള്ളത്‌. കമ്പി വേർതിരിച്ചെടുക്കാൻ ഒരുമാസം വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷ. ചെന്നൈയിലെ വിജയ്‌ സ്‌റ്റീൽസ്‌ തകർത്ത കുണ്ടന്നൂരിലെ ആൽഫ സെറീൻ ഇരട്ട ടവറിന്റെയും എഡിഫസ്‌ ഒടുവിൽ വീഴ്‌ത്തിയ കണ്ണാടിക്കാട്ടെ ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെയും അവശിഷ്‌ടം നീക്കി തുടങ്ങിയിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top