27 February Thursday

ഓർമയിലുണ്ട്‌, അന്ന്‌ മാഞ്ഞ വയൽ

സ്വന്തം ലേഖകൻUpdated: Monday Jan 13, 2020

കൊച്ചി > കേട്ടേഴത്തും കടവിൽനിന്ന്‌  മാത്തനും കുമാരനും വയൽവരമ്പിലൂടെ നടന്നാണ്‌ പണ്ട്‌ സ്‌കൂളിൽ പോയിരുന്നത്‌. ചൊട്ടയാകുന്ന നെല്ല്‌ പിഴുതെടുത്ത്‌ ഇരുവരും കൊറിച്ചിരുന്നു. അതിന്റെ സ്വാദ്‌ ഇന്നും നാവിലുണ്ട്‌.  അന്ന്‌ തങ്ങൾ നടന്ന വയലുകൾ ഫ്ലാറ്റുകൾ കൈയടക്കുന്നതും വേദനയോടെ ഇരുവരും  കണ്ടു. അതിലൊന്നായിരുന്നു   ജെയിൻ കോറൽ കോവ്‌ എന്ന ഭീമൻ.

കാക്കര വീട്ടിൽ മാത്തന്‌ ഇന്ന്‌ വയസ്സ്‌ 76 കഴിഞ്ഞു.  ചേപ്പനം പാട്ടുപറമ്പിൽ  കുമാരന്‌ എഴുപത്തിമൂന്നും. ഞായറാഴ്‌ച  ജെയിൻ ഫ്ലാറ്റ്‌ പൊളിക്കുന്ന ദൃശ്യങ്ങൾ  കുമാരൻ തന്റെ പ്രിയ സുഹൃത്ത്‌ മാത്തന്റെ വീട്ടിലിരുന്നാണ്‌ കണ്ടത്‌. ആശങ്കകളും ഉദ്വേഗവും  ഇരുവരുടെയും കണ്ണിൽ മിന്നിമറഞ്ഞു.  അതിനിടയിലും ഓർമകൾ  പഴയകാലത്തേക്ക്‌  പാഞ്ഞു.  ‘അന്ന്‌ ഇവിടെ മുഴുവൻ പാടവും ചെമ്മീൻകെട്ടുമായിരുന്നു’ കോൺക്രീറ്റ്‌ കൂനയായിമാറിയ സ്ഥലം ചൂണ്ടി മാത്തൻ പറഞ്ഞു. അതേയെന്ന്‌ തലയാട്ടി കുമാരനും. വീട്‌ ചേപ്പനത്താണെങ്കിലും കേട്ടേഴത്തും കടവിൽ ചീനവലയിടുന്നതിന്‌ കുമാരൻ സ്ഥിരമായി എത്താറുണ്ട്‌. പണ്ടത്തെ വയലുകൾ നഗരവത്‌ക്കരണത്തിൽ നഷ്ടമായതിന്റെ വേദന ഇരുവരും പങ്കു വച്ചു.  പഴയ കാഴ്‌ചകൾ തിരിച്ചെത്തില്ലെങ്കിലും ഇത്രയുമെങ്കിലും നടന്നല്ലോയെന്നതിൽ  ആശ്വാസം.


പ്രധാന വാർത്തകൾ
 Top