27 September Sunday

ആർഎസ്‌എസ്‌ അജൻഡ കേരളത്തിൽ നടക്കില്ല: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jan 13, 2020

കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന ഭരണഘടന സംരക്ഷണറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌ > ആർഎസ്‌എസിന്റെ ഉള്ളിലിരിപ്പ്‌ നടപ്പാക്കാനുള്ളതല്ല കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം സുരക്ഷയുടെ കോട്ടയാണ്‌. സംഘപരിവാറിന്റെ ഭീഷണി ഇവിടെ ചെലവാകില്ല.
രാജ്യത്ത്‌ പൗരത്വ പട്ടിക തയ്യാറാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസർക്കാർ തന്ത്രപൂർവം നടപ്പാക്കുന്ന ജനസംഖ്യാ രജിസ്‌റ്റർ ഇവിടെ നടപ്പാക്കില്ലെന്ന്‌ സംശയത്തിനിടനൽകാതെ പറയാം.

ഇവിടെ ജനിച്ചു വളർന്നവരാരും പിതാമഹരുടെ ജനന സർട്ടിഫിക്കറ്റിനായി അലയേണ്ടിവരില്ലെന്ന്‌ ഉറപ്പുതരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം. ഈ ഐക്യമാണ്‌ പ്രധാനം. ഈ സമരത്തിൽനിന്ന്‌ രണ്ടു വിഭാഗങ്ങളെ നാം ഒഴിച്ചു നിർത്തും. വർഗീയവാദികളെയും തീവ്രവാദികളെയും. ഇവർക്ക്‌ നമ്മുടെ സമരത്തിൽ ഇടമുണ്ടാകില്ല.
ഒരു പ്രത്യേക വിഭാഗത്തെ പൗരത്വത്തിൽനിന്ന്‌ ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ്‌ നടക്കുന്നത്‌.  സ്വാതന്ത്ര്യസമര ചരിത്രത്തിൽ  മുസ്ലിങ്ങളുടെ സംഭാവന  ശ്രദ്ധേയമാണ്‌.  ഏറനാടിന്റെ വീരപുത്രൻ വാരിയംകുന്നത്ത്‌ കുഞ്ഞമ്മദ്‌ ഹാജിയെയും നികുതി സമരം നടത്തിയ ഉമ്മർ ഖാസിയെയും നമ്മുടെ ചരിത്രത്തിൽനിന്ന്‌ അടർത്തിമാറ്റാൻ കഴിയില്ല.

എന്നാൽ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതെ ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതി നൽകിയ നാണംകെട്ട ചരിത്രമാണ്‌ സംഘപരിവാറിനുള്ളത്‌. സ്വാതന്ത്ര്യസമരത്തിന്റെ ഉൽപ്പന്നമാണ്‌ നമ്മുടെ ഭരണഘടന. എന്നാൽ ഭരണഘടനയിലും   മതനിരപേക്ഷതയിലും  ആർഎസ്‌എസിന്‌ ഒട്ടും താൽപ്പര്യമില്ല. മതാധിഷ്‌ഠിതമായൊരു രാജ്യമാണ്‌ ഇവർ ആഗ്രഹിക്കുന്നത്‌. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായിട്ടാണ്‌ കാണുന്നത്‌.

ക്രിസ്‌ത്യാനികളും കമ്യൂണിസ്‌റ്റുകളുമാണ്‌ അടുത്ത  ശത്രുക്കൾ. ജനസംഖ്യാ രജിസ്റ്റർ വലിയൊരു ചതിക്കുഴിയാണ്‌. പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്നോടിയാണിത്‌. വർഗീയ  നയത്തിന്റെ ഭാഗമാണിത്‌. അസം ഇതിന്‌ ഉത്തമമായൊരു ഉദാഹരണമാണ്‌.
രാജ്യത്തെ മുസ്ലിങ്ങൾ അത്യന്തം ഭീതിയിലാണ്‌. തല്ലിയവർക്കെതിരെ കേസെടുക്കാതെ ഇരകൾക്കെതിരെ കേസെടുക്കുന്ന അപൂർവ പ്രതിഭാസമാണ്‌ ജെഎൻയുവിൽ കാണുന്നത്‌. എന്നാൽ ജെഎൻയു ഉൾപ്പെടെ രാജ്യത്തെ പ്രധാന സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പേരാട്ട രംഗത്താണെന്നുള്ളത്‌ ശുഭകരമായ കാര്യമാണ്‌–-മുഖ്യമന്ത്രി പറഞ്ഞു.

സമസ്‌ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ അധ്യക്ഷനായി. എഴുത്തുകാരൻ കെ പി  രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top