07 August Friday

എംജി അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ് : കിരീടമുറപ്പിച്ച്‌ കോതമംഗലം എംഎ കോളേജ്‌

സിബി ജോർജ്‌Updated: Friday Dec 13, 2019

എം ജി സർവകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ പാലാ ഇൻഡോർ സ്‌റ്റേഡിയത്തിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പാലാ
എംജി സർവകലാശാല അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ കോതമംഗലം എംഎ കോളേജിന്റെ വൻ കുതിപ്പ്‌. 170 പോയിന്റുനേടിയാണ്‌ എംഎ ഓവറോൾ കിരീടം ഉറപ്പിച്ചത്‌. രണ്ടാംസ്ഥാനത്തുള്ള ചങ്ങനാശേരി അസംപ്‌ഷൻ കോളേജ്‌ 99 പോയിന്റും 83 പോയിന്റോടെ  പാലാ അൽഫോൻസ കോളേജ്‌ മൂന്നാംസ്ഥാനത്തും തുടരുന്നു.

പുരുഷ വിഭാഗം കിരീടത്തിനായുള്ള പോരാട്ടത്തിൽ 119 പോയിന്റാണ്‌ കോതമംഗലം എംഎ കോളജിന്റെ സമ്പാദ്യം. 52 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജാണ് രണ്ടാം സ്ഥാനത്ത്. 44 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളേജ്‌ മൂന്നാംസ്ഥാനത്തുണ്ട്‌. കഴിഞ്ഞ വർഷം കൈവിട്ട വനിതാവിഭാഗം കിരീടം തിരിച്ചുപിടിക്കാനുള്ള കുതിപ്പിലാണ്‌ അസംപ്‌ഷൻ കോളേജ്‌.  99 പോയിന്റാണ്‌ ഇവരുടെ സമ്പാദ്യം. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലാ അൽഫോൻസാ കോളേജ് 83 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 51 പോയിന്റുകരസ്ഥമാക്കിയ കോതമംഗലം എംഎ കോളേജിലെ പെൺകുട്ടികൾ മൂന്നാംസ്ഥാനത്ത്‌ എത്തി. 

മേളയുടെ രണ്ടാം ദിനം രണ്ടു റെക്കോഡുകൾ പിറന്നു. 20 കിലോമീറ്റർ നടത്തത്തിൽ പാലാ അൽഫോൻസാ കോളജിലെ ടെസ്‌ന ജോസഫ് തന്റെ പേരിലുള്ള റെക്കോഡ് തിരുത്തി . ലോംഗ് ജംപിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിലെ എസ്  എസ് സ്നേഹയും പുതിയ റെക്കോഡിട്ടു.  സർവകലാശാലയുടെ കീഴിൽ 58 കോളജുകളിൽ നിന്നായി 500 കായികതാരങ്ങളാണ് വെള്ളിയാഴ്ച സമാപിക്കുന്ന കായിക മേളയിൽ പങ്കെടുക്കുന്നത്. ആൺ-പെൺ വിഭാഗങ്ങളിലായി 23 വീതം ഇനങ്ങളിലാണ് മത്സരങ്ങൾ.

പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിച്ച മേള മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ആക്ടിങ്‌ ചെയർമാൻ കുര്യാക്കോസ് പടവൻ അധ്യക്ഷനായി. എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പോൾവോൾട്ടിൽ ഏഷ്യൻ റെക്കോർഡ് ഉടമയായ നിവ്യ ആൻറണി സത്യവാചകം ചൊല്ലിക്കൊടുത്തു.  അൽഫോൺസ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷാജി ജോൺ സ്വാഗതവും അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജിജിമോൾ നന്ദിയും പറഞ്ഞു. വെള്ളിയാഴ്‌ച 25 ഫൈനൽ  നടക്കും. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top