08 December Sunday

ലോകബാങ്ക്‌ പണം അതത്‌ ഘട്ടങ്ങളിൽ ചെലവിടും ; ആരോപണം അടിസ്ഥാനരഹിതം : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കേരള പുനർനിർമാണത്തിന്‌ ലോകബാങ്ക്‌ നൽകിയ പണം വഴിമാറി ചെലവഴിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ പണം കിട്ടുമ്പോൾത്തന്നെ വിതരണം ചെയ്യാനുള്ളതല്ല. ദീർഘ വീക്ഷണത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച റോഡുകളുടെ പുനർനിർമാണത്തിനും ചെലവിടാനുള്ളതാണ്‌.  ചെലവിടുന്ന ഘട്ടത്തിലാണ്‌ പണം നൽകേണ്ടത്‌. അതുവരെ പണം നമ്മുടെ കൈയിലായിരിക്കും. അത്‌ സ്വാഭാവികമാണ്‌.  ലോകബാങ്ക്‌ നൽകിയ പണം വഴിമാറി ചെലവഴിച്ചുവെന്ന പ്രതിപക്ഷത്തെ വി ഡി സതീശന്റെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  

ഉപജീവനമാർഗം നഷ്‌ടപ്പെട്ട്‌ ദുരിതംബാധിച്ച  കുടുംബങ്ങൾക്ക്‌ പുതിയ ജീവിതോപാധികൾ നൽകണം. അതിനും ഈ പണത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാനാകും. കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പുനരുദ്ധാരണവും പുനർനിർമാണവും  നടത്തേണ്ടതുണ്ട്‌. ഇങ്ങനെയുള്ള വിവിധ പദ്ധതികൾക്കുള്ളതുമാണ്‌ ലോകബാങ്ക്‌ പണം. അതിനെല്ലാമുള്ള പദ്ധതികൾ നടക്കുകയാണ്‌. അതിന്റെ ചെലവിടൽ ഘട്ടം വരുമ്പോൾ പണം വിനിയോഗിക്കുന്നതാണ്‌ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 


പ്രധാന വാർത്തകൾ
 Top