14 December Saturday

യുവാക്കൾക്ക്‌ തൊഴിൽവേണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


ന്യൂഡൽഹി
തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുന്നതും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ദേശീയ തൊഴിൽ കൺവൻഷൻ ആവശ്യപ്പെട്ടു. തൊഴിലുറപ്പ്‌ പദ്ധതിയിൽ എല്ലാ വിഭാഗം തൊഴിൽഅന്വേഷകരെയും ഉൾപ്പെടുത്തണം. സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കരാർതൊഴിലും പുറംകരാർ നൽകലും അവസാനിപ്പിക്കണമെന്നും കൺവൻഷൻ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

തൊഴിലില്ലായ്‌മ പകർച്ചവ്യാധിപോലെ രാജ്യത്തെ ഗ്രസിക്കുകയാണ്‌. നിർമാണ മേഖലയടക്കം സർവമേഖലയിലും മാന്ദ്യം ശക്തമായതോടെ സ്ഥിതി ഗുരുതരമായി. തൊഴിൽക്ഷമതയുള്ളവരിൽ 10ൽ നാലുപേർക്കും തൊഴിൽ ലഭിക്കുന്നില്ല. കാർഷികമേഖലയിൽ തുടരുന്ന കടുത്ത പ്രതിസന്ധി ചെറുകിട, ഇടത്തരം കർഷകരെ സ്വന്തം ഭൂമി വിൽക്കാൻ നിർബന്ധിതരാക്കി. ഭൂമി ചിലരിൽമാത്രമായി കേന്ദ്രീകരിക്കാനും കാർഷികവൃത്തിയിൽനിന്നുള്ള പലായനം വർധിക്കാനും ഇത്‌വഴിവച്ചു. സ്ഥിരവരുമാനമില്ലാത്ത ഒരാൾ പോലുമില്ലാത്ത 1.25 കോടി കുടുംബങ്ങളാണ്‌ രാജ്യത്തുള്ളതെന്നും പ്രമേയം വ്യക്തമാക്കി.

സാമ്പത്തികമാന്ദ്യത്തെ നേരിടാൻ വൻകിട കമ്പനികൾക്ക്‌ നികുതി ഇളവ്‌ പ്രഖ്യാപിച്ച കേന്ദ്രം തൊഴിൽ അവസരം വർധിപ്പിക്കാതെ തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തി. സ്ഥിരം ജോലി എന്നത്‌ കരാർ തൊഴിലിലേക്ക്‌ വഴിമാറി. സ്ഥിരംതൊഴിലാളികളും കരാർ തൊഴിലാളികളും തമ്മിലുള്ള വരുമാന അന്തരം അഞ്ച്‌–- ആറ്‌ ശതമാനമാണ്‌.

ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയിലടക്കം കരാർ തൊഴിൽ ശക്തമായി. വിരമിച്ച ഉദ്യോഗസ്ഥർക്ക്‌ കരാർ നിയമനവും നൽകുന്നു. പ്രധാനമന്ത്രിയുടെ സുപ്രധാന പദ്ധതികളായ മേക്ക്‌ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്‌റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ എന്നിവ പ്രചാരണം മാത്രമായി ഒതുങ്ങിയതായും കൺവൻഷൻ വിലയിരുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top