13 December Friday

സാമ്പത്തിക ഞെരുക്കം തദ്ദേശപദ്ധതിയെ ബാധിക്കില്ല: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ വെട്ടിക്കുറവ് വരുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വാർഷികപദ്ധതിയിൽ കുറവ് വരുത്താൻ ഇതുവരെ  തീരുമാനിച്ചിട്ടില്ല. വകുപ്പുകളോട് മുൻഗണനാ പ്രകാരം ക്രമീകരിക്കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.  വെട്ടിക്കുറവ് വേണ്ടിവന്നാൽ, പ്രധാനപ്പെട്ട പദ്ധതികൾ നഷ്ടപ്പെടാതിരിക്കാനാണ്‌  നിർദേശം നൽകിയതെന്നും  കെ സി ജോസഫിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

രാജ്യത്ത് പൊതുവിലുള്ള മാന്ദ്യംമൂലം കേരളത്തിലും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്‌. എന്നാലൂം  വെട്ടിക്കുറവ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 2010ലേതുപോലെ വിപണിയിൽ പണമിറക്കുന്ന തരത്തിൽ കേന്ദ്രം ഒരു മാന്ദ്യവിരുദ്ധ പാക്കേജ് കൊണ്ടുവന്നാൽ, വലിയ പ്രശ്‌നമില്ലാതെ പോകും. അതുപോലെ ജിഎസ്ടിയിൽ കേരളത്തിന്‌ 20 ശതമാനം വളർച്ചയുണ്ടെന്നാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം  വ്യക്തമാക്കിയത്. ഡിസംബറിൽ ജിഎസ്‌ടി റിട്ടേൺ പൂർത്തീകരണത്തോടെ, ഐജിഎസ്ടിയുടെ കണക്ക് വരുമ്പോഴേ അത് വ്യക്തമാകൂ.  14 ശതമാനം ജിഎസ്‌ടി വളർച്ച എന്നത്‌ 20 ശതമാനമായാൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകും. അതാണ് ഔദ്യോഗികമായി ഇതുവരെ പദ്ധതി വെട്ടിക്കുറവ് പ്രഖ്യാപിക്കാത്തത്. 

തദ്ദേശ സ്ഥാപനങ്ങളുടെ കഴിഞ്ഞ വർഷത്തെ ബില്ലുകൾ ഈ സാമ്പത്തികവർഷത്തെ വിഹിതത്തിൽനിന്ന്‌ നൽകിയതിന് വർധിപ്പിച്ച വിഹിതം ഇപ്പോഴുള്ള ഫണ്ട് ചെലവഴിച്ചുകഴിയുമ്പോൾ നൽകുമെന്നും മന്ത്രി വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top