18 September Wednesday

മഴ ചതിച്ചു; കൈത്തറിക്ക്‌ ‘കരിമ്പന്‍’

സ്വന്തം ലേഖികUpdated: Tuesday Aug 13, 2019

പറവൂർ കരിമ്പാടം പള്ളിപ്പറമ്പിലെ ലത വെള്ളംകയറിയ തറികൾ വൃത്തിയാക്കുന്നു


കൊച്ചി
വെള്ളക്കെട്ടിനുശേഷം വീട്ടിൽ വന്ന ലത ആദ്യം പോയത് പിൻവശത്ത്‌ സ്ഥാപിച്ചിരിക്കുന്ന കൈത്തറി യൂണിറ്റിലേക്കാണ്. വെള്ളമിറങ്ങിയെങ്കിലും ചെളി കെട്ടിക്കിടക്കുന്നു. തറിക്കൊന്നും സംഭവിച്ചിട്ടില്ല. പകുതി ആശ്വാസത്തോടെ തറിയിൽ ഉയർത്തിവച്ച പാവിലേക്ക് നോക്കി. പ്രതീക്ഷകൾ തെറ്റിച്ച് പാവിലും റെക്കയിലും നിറയെ കരിമ്പൻ. ഇനി എങ്ങനെ നെയ്ത്ത് ആരംഭിക്കുമെന്ന ആശങ്കയിലാണ് ലത. മഴ അവസാനിക്കുംവരെ പുതിയ പാവ് നിർമിക്കാനാവില്ലെന്നത്‌ ആശങ്ക ഇരട്ടിയാക്കി.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ കരിമ്പാടം പള്ളിപ്പറമ്പിൽ ലത രാമചന്ദ്രന്റെ കൈത്തറി യൂണിറ്റ് പൂർണമായും നശിച്ചതാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്  പുതിയത്‌ സ്ഥാപിച്ചത്. നെയ്‌ത  മുണ്ടുകൾ മഴയെത്തിയപ്പോഴേ ലത  ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 47ൽ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞതവണ നെയ്‌ത വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. മഴയുള്ള സമയത്ത് സാധാരണ പാവിനടിയിൽ ഈർപ്പം വരാതിരിക്കാനുള്ള മുൻകരുതലുകൾ നെയ്ത്തുകാർ സ്വീകരിക്കാറുണ്ട്. നേരിയ ചൂടുള്ള ചിരട്ടക്കനൽ വച്ചാണ് ഈർപ്പമുണ്ടാക്കുന്ന കരിമ്പനെ പ്രതിരോധിച്ചിരുന്നത്. എന്നാൽ, ഇത്തവണ വെള്ളം ഉയർന്നതോടെ ലത കുടുംബത്തിനൊപ്പം ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു. പാവും റെക്കയുമെല്ലാം തറിയിൽ ഉയർത്തിവച്ചെങ്കിലും ഫലമുണ്ടായില്ല.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു മാസത്തിനുള്ളിൽ പുതിയ പാവ് നിർമിച്ചെടുക്കാം. 15000–-20000 രൂപവരെ  വിലവരും. കൈത്തറി ഉൽപ്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചില്ലെങ്കിലും ലതയുടേതുൾപ്പെടെ നിരവധി പേരുടെ പാവുകൾ ഈർപ്പം കയറി നശിച്ചു. പുതിയത്‌ തയ്യാറാക്കി വരുംവരെ ഇവരുടെ ഉപജീവനമാർഗം നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top