17 September Tuesday

സംഘപരിവാർ പ്രചാരണം ദുഷ്ടലാക്കോടെ: ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


സ്വന്തം ലേഖകൻ
മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിനെതിരെയുള്ള പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്ന്‌  ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌. ദുരിതകാലത്തെ അതിജീവിക്കാൻ എല്ലാവരും ഒത്തൊരുമിച്ച്‌ നിൽക്കുമ്പോഴാണ്‌ ചിലർ അപവാദ പ്രചാരണവുമായി ഇറങ്ങിയത്. സംഘപരിവാറിന്റെ മനസ്‌ കേരളത്തിന്റെ മുഖ്യധാരയിൽനിന്നു എത്രയോ അന്യമാണ് എന്നതാണു ഇത് തെളിയിക്കുന്നത്‌.

കേന്ദ്രം നൽകിയ 1400 കോടി ചെലവഴിച്ചില്ലെന്ന സഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന  വസ്‌തുതാവിരുദ്ധവും കാര്യങ്ങൾ മനസിലാക്കാതെയുമുള്ളതാണ്‌. കേരളം ചോദിച്ചതിന്റെ നാലിലൊന്നു പോലും തരാതെയാണ്‌ ഇത്തരം പ്രസ്‌താവന. കേന്ദ്രം അനുവദിച്ചപണം ഇഷ്‌ടം പോലെ ചെലവഴിക്കാനാകില്ല. എല്ലാ ചട്ടങ്ങളും നിയമങ്ങളുമുണ്ട്‌. 4106 കോടി രൂപയാണ് ജനങ്ങൾ സംഭാവനയായി നൽകിയത്. ഇതിൽ 2041 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇനിയും കോടിക്കണക്കിനു രൂപ നൽകാനുണ്ട്‌.

നിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളിൽ ഫിക്‌സ്‌ഡ്‌ ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. വീട് നിർമാണം പൂർത്തിയാകുന്നതിനനുസരിച്ച്‌ കോടിക്കണക്കിനു രൂപ നൽകേണ്ടി വരും. കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്‌പ, ക‌ൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ്സിഡി, റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങൾ കഴിഞ്ഞേ നൽകേണ്ടി വരൂ.

അത് കണക്കിലാക്കിയാണ്‌ സ്ഥിര നിക്ഷേപമാക്കിയത്‌. സേവിങ്സ്  അക്കൗണ്ടിൽ 3–-3.5 ശതമാനം പലിശയേ കിട്ടൂ. ഫിക്‌സ്‌ഡ്‌ ഡെപ്പോസിറ്റിൽ 7–-8 ശതമാനം പലിശ കിട്ടും. ഇത്‌  സർക്കാരിലേക്കല്ല ലഭിക്കുക, ദുരിതാശ്വാസനിധിയിലേക്കാണെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top