22 November Friday

കോൺഗ്രസ്‌ പ്രതിസന്ധിയിൽത്തന്നെ: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
കോൺഗ്രസ്‌ പ്രതിസന്ധിയിൽനിന്ന്‌ കരകയറിയിട്ടില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.  സോണിയ ഗാന്ധിയെ താൽക്കാലിക അധ്യക്ഷയാക്കിയത്‌ ഇതിനുദാഹരണമാണ്‌. സിപിഐ എം വട്ടിയൂർക്കാവ്‌ മണ്ഡലം ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്‌റുകുടുംബത്തിന്‌ പുറത്തുനിന്നൊരാൾ അധ്യക്ഷനാകണം എന്നാണ്‌ രാഹുൽ ഗാന്ധി പറഞ്ഞത്‌. എന്നാൽ, സോണിയ ഗാന്ധിയെ താൽക്കാലിക അധ്യക്ഷയാക്കി. പ്രതിസന്ധിയിൽ കരുത്ത്‌ പ്രകടിപ്പിക്കാൻ കോൺഗ്രസിനാകില്ലെന്ന്‌ വ്യക്തമാക്കുന്ന നടപടിയാണിത്‌.

ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ആർഎസ്‌എസ്‌ കൂടുതൽ അക്രമോത്സുകമായി.  ജയ്‌ ശ്രീറാം വിളിക്കാത്തവർക്ക്‌ രക്ഷയില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഉദ്ദേശിച്ചകാര്യം നേടിയെടുക്കാൻ ഏതുമാർഗവും ആർഎസ്‌എസ്‌ സ്വീകരിക്കും. ജമ്മു കശ്‌മീരിനുള്ള പ്രത്യേക പരിരക്ഷ ഇല്ലാതാക്കിയത്‌  ഇതിനുദാഹരണമാണ്‌.

രാജ്യത്താകെ ഒരുനിയമം എന്ന്‌ പ്രചരിപ്പിക്കുന്നവർ പ്രത്യേക പരിരക്ഷയുള്ള മറ്റുസംസ്ഥാനങ്ങളുടെമേൽ കൈവയ്ക്കുന്നില്ല. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കാൻ സാധിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയാണ്‌ ഇതിന്‌ മുതിരാത്തത്‌.   ജമ്മു കശ്‌മീർ വിഷയം  ഉയർത്തി കേരളത്തിലും ഹിന്ദുത്വധ്രുവീകരണത്തിന്‌ ആർഎസ്‌എസ്‌ ശ്രമിക്കും.

ഇടതുപക്ഷ പാർടികളെ ഒഴികെ ഏതുപാർടിയെയും ബിജെപി സർക്കാരിന്‌ കീഴ്‌പ്പെടുത്താൻ സാധിക്കും. വ്യക്തികളെ വ്യക്തിപരമായും പാർടികളെ സിബിഐ, എൻഐഎ എന്നിവ ഉപയോഗിച്ചുമാണ്‌ കീഴ്‌പ്പെടുത്തുന്നത്‌. ബിജെപിയെ മതനിരപേക്ഷത ഉയർത്തി നേരിടണം. വർഗീയതയ്‌ക്ക്‌ കീഴ്‌പ്പെടുത്താൻ കഴിയാത്ത കരുത്തും നയങ്ങളുമാണ്‌ ഇടതുപക്ഷത്തിന്റേത്‌.  തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികമാണ്‌. തിരിച്ചടികളെ അതിജീവിച്ച്‌ മുന്നോട്ടുപോകും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷത്തിന്റെ വിജയം അതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top