21 October Monday

പ്രളയ ദുരിതാശ്വാസം : അടിയന്തര നടപടികൾക്ക്‌ തദ്ദേശ സ്വയംഭരണവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ഏലൂർ ഗവൺമെന്റ്‌ യുപി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന കുട്ടികൾ

 
തിരുവനന്തപുരം
പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം ഗതാഗതയോഗ്യമാക്കണമെന്ന്‌ തദ്ദേശസ്വയംഭരണവകുപ്പ് അടിയന്തര ഉത്തരവിറക്കി. മരിച്ചവരുടെ സംസ്‌കാരത്തിന്‌ സഹായം ആവശ്യമുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ റവന്യൂ അധികൃതരുമായി സഹകരിച്ച് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ക്യാമ്പുകളിലുള്ളവർക്ക്‌ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അതിനായി വാഹനസൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം.

ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉറപ്പാക്കണം. ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ലാത്തയിടങ്ങളിൽ ശുചിത്വമിഷന്റെ സഹായത്തോടെ താൽക്കാലിക ടോയ്‌ലറ്റ് സംവിധാനം ഒരുക്കണം. ഹൃദയ, കിഡ്‌നി, കരൾ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരും മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ഡയാലിസിസ് വേണ്ടവർ എന്നിവരുടെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ ഉടൻ കൈക്കൊള്ളണം. ദുരിതാശ്വാസക്യാമ്പിൽ പകർച്ചവ്യാധി പടരാതിരിക്കാൻ കരുതൽ സ്വീകരിക്കണം. ആദിവാസിമേഖലയിലുൾപ്പെടെ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായം, മരുന്ന്, കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top