16 September Monday

ബാലഭാസ‌്കറിന്റെ മരണം ; അർജുൻ ക്രൈംബ്രാഞ്ചിന‌് നൽകിയ മൊഴിയിൽ വൈരുധ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


വാഹനം ഒാടിച്ചത‌് ആരെന്ന‌് ഓർമയില്ല
വിജയ‌്
തിരുവനന്തപുരം
ബാലഭാസ‌്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട‌് ഡ്രൈവർ അർജുൻ ക്രൈംബ്രാഞ്ചിന‌് നൽകിയ മൊഴി പുറത്ത‌്. അപകട സമയത്ത‌് വാഹനം ഓടിച്ചത‌് ആരെന്ന‌് ഓർമയില്ലെന്ന‌ാ‌ണ‌് ഇയാൾ ക്രൈംബ്രാഞ്ചിനോട‌് പറഞ്ഞത‌്. ഒളിവിൽ പോകുന്നതിന‌് മുമ്പ‌് നടത്തിയ ചോദ്യം ചെയ്യലിലാണ‌് അർജുൻ ഇത്തരത്തിൽ മൊഴി നൽകിയത‌്. ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാംതവണയാണ‌്  ഇയാൾ മൊഴിമാറ്റുന്നത‌്.

‘വാഹനമോടിച്ചത‌് താനാണ‌്’ എന്നാണ‌് ഇയാൾ അപകടശേഷം പ്രതികരിച്ചത‌്. എന്നാൽ ബാലഭാ‌സ‌്കർ മരിച്ചതോടെ ഇത‌് മാറ്റിപ്പറഞ്ഞു. ബാലഭാസ‌്കറാണ‌് വാഹനമോടിച്ചത‌് എന്ന‌് പൊലീസിനോട‌് പറഞ്ഞു. കേസ‌് ക്രൈംബ്രാഞ്ച‌് ഏറ്റെടുത്തപ്പോൾ അർജുനെ ചോദ്യം ചെയ‌്തു. ഡിവൈഎസ‌്പി കെ ഹരിക‌ൃഷ‌്ണന്റെ നേതൃത്വത്തിലാണ‌് മൊഴിയെടുത്തത്‌. ‘വാഹനം ഓടിച്ചത‌് ആരാണെന്ന‌് ഓർമയില്ല’ എന്ന‌ നിലപാട‌് സ്വീകരിച്ചതോടെ ക്രൈംബ്രാഞ്ച‌് ഇയാളുടെ മുടി, രക്തം, വിരലടയാളം എന്നിവ ശേഖരിച്ച‌് പരിശോധനയ‌്ക്കയച്ചു.

അപകടത്തിൽപെട്ട വാഹനത്തിൽനിന്നും സാമ്പിളുകൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട‌്. ഫോറൻസിക‌് പരിശോധനാഫലം ഒരാഴ‌്ചക്കുള്ളിൽ ലഭിക്കും. ഇതോടെ വാഹനമോടിച്ചിരുന്നത‌് ആരെന്ന‌് വ്യക്തമാകും.ബാലഭാസ‌്കറിന്റെ മരണത്തെക്കുറിച്ച‌് ദുരൂഹതകൾ വർധിക്കുന്ന സാഹചര്യത്തിലാണ‌് അർജുൻ മൊഴി മാറ്റിയത‌്. വാഹനം ഓടിച്ചത‌് ബാലഭാസ‌്കറാണെന്ന‌് പറഞ്ഞാൽ കേസിൽ പ്രതിയാകുന്നതിൽ നിന്ന‌് ഒഴിവാകാമെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ. അർജുനാണ‌് വാഹനം ഓടിച്ചതെന്ന‌് ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മി  പറഞ്ഞതോടെ ഇയാളുടെ  കണക്കുകൂട്ടലുകൾ തെറ്റി.

ബാലഭാസ‌്കറിന്റെ മരണവും സ്വർണക്കടത്തുമായി ബന്ധമില്ല: പ്രകാശ‌് തമ്പി
കൊച്ചി
വയലിനിസ‌്റ്റ‌് ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് സ്വർണക്കടത്ത‌് കേസിൽ അറസ‌്റ്റിലായി ജയിലിൽ കഴിയുന്ന പ്രകാശ് തമ്പി. കാക്കനാട‌് ജില്ലാ ജയിലിൽനിന്ന‌് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇയാൾ. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ‌്ക്കരുത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണ്. ഇതിൽ ദുരൂഹതയില്ല. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോൾ സഹോദരനെപ്പോലെ താൻ കൂടെനിൽക്കുകയാണ് ചെയ്തതെന്നും പ്രകാശ് തമ്പി പറഞ്ഞു.
മർദിച്ചതായ ആരോപണത്തെത്തുടർന്ന് കോടതി പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് റിമാൻഡ് ഈ മാസം 26 വരെ നീട്ടി കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.

ക്രൈംബ്രാഞ്ച‌് ഡിആർഐക്ക‌് കത്ത‌് നൽകും
തിരുവനന്തപുരം
ബാലഭാസ‌്കറിന്റെ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം ഡിആർഐക്ക‌് വിടാൻ ക്രൈംബ്രാഞ്ച‌്.  ഇതിനായി ഡിആർഐക്ക‌് ഔദ്യോഗികമായി കത്ത‌് നൽകും.ബുധനാഴ‌്ച അന്വേഷക സംഘം തിരുവനന്തപുരത്തെ ഡിആർഐ ഓഫീസിലെത്തി സ്വർണക്കടത്ത‌് കേസിന്റെ വിവരങ്ങൾ ശേഖരിച്ചു.കേസിൽ പ്രകാശൻ തമ്പി, വിഷ‌്ണു എന്നിവരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളാണ‌് എടുത്തത‌്. ഇവർ ബാലഭാസ‌്കറിനെ സാമ്പത്തികമായി കബളിപ്പിച്ചെന്ന പരാതി നിലവിലുണ്ട‌്.

ഫോൺകോൾ പരിശോധന അന്തിമഘട്ടത്തിൽ
തിരുവനന്തപുരം
ബാലഭാ‌സ‌്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട‌് ഫോൺകോൾ പരിശോധന പുരോഗമിക്കുന്നു. ബാലഭാസ‌്കർ, ഭാര്യ ലക്ഷ‌്മി, അർജുൻ, സ്വർണക്കടത്ത‌് കേസിൽ പിടിയിലായ പ്രകാശൻ തമ്പി, വിഷ‌്ണു എന്നിവരുടെ  ഫോൺകോളുകളുടെ പരിശോധന വ്യാഴാഴ‌്ചയോടെ പൂർത്തിയാകും. ഇതിന‌ു പുറമെ 11 പേരുടെ കോൾ വിശദാംശങ്ങൾ പരിശോധിക്കാൻ സൈബർ വിഭാഗത്തിന‌് ബുധനാഴ‌്ച കൈമാറി. അപകടത്തിന‌ുമുമ്പും ശേഷവും പള്ളിപ്പുറംവഴി പോയ ചിലരുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട‌്.

അജിയുടെ മൊഴി തള്ളാതെ ക്രൈംബ്രാഞ്ച‌്
തിരുവനന്തപുരം
ബാലഭാസ‌്കർ കേസിൽ നിർണായകമായ‌ി കെഎസ‌്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയും. അപകടം നടന്ന പള്ളിപ്പുറംവരെ പല ഘട്ടത്തിലായി കെഎസ‌്ആർടിസി ബസിന‌ു മുന്നിലും പിന്നിലുമായി ബാലഭാസ‌്കർ സഞ്ചരിച്ച ഇന്നോവയുണ്ടായിരുന്നു. ഈ സമയം സംശയകരമായ രീതിയിൽ മറ്റു വാഹനങ്ങൾ ഇന്നോവയെ പിന്തുടർന്നിട്ടില്ലെന്നും സംശയകരമായ നീക്കങ്ങൾ നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച‌് ഉറപ്പിക്കുന്നത‌് അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ‌്.

അപകടസ്ഥലത്ത‌് സംശയകരമായി ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴിക്ക‌് വിരുദ്ധമാണ‌് അജിയുടെ മൊഴി. ഇരുവരുടെയും മൊഴികൾ കൂടുതൽ വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. രഹസ്യമൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കുകയാണ‌് അന്വേഷകസംഘം.


പ്രധാന വാർത്തകൾ
 Top