27 June Thursday

ഏത് തിരക്കിനിടയിലും പരമേശ്വരമാരാരുടെ പഞ്ചവാദ്യം കേള്‍ക്കാന്‍ എത്തുമായിരുന്നു: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കൊച്ചി > പഴയ വഴികള്‍ പുതുക്കി അവതരിപ്പിക്കുന്നതിനും പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനും ധൈര്യം കാണിച്ചുവെന്നതാണ് അന്നമനട പരമേശ്വരമാരാരെ വ്യത്യസ്തനാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. അന്നമനട മഹാദേവ ക്ഷേത്രത്തില്‍ പരമേട്ടന്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം കേള്‍ക്കാന്‍ ഏതു തിരക്കു മാറ്റി വെച്ചും എത്താറുണ്ടായിരുന്നു. ഡല്‍ഹിയില്‍ പാര്‍ലമെണ്ട് സമ്മേളനം നടന്ന സമയത്ത് മാത്രമാണ് പോകാന്‍ കഴിയാതെ പോയത്. അസുഖം മാറിയതിനു ശേഷം ആദ്യമായി പഞ്ചവാദ്യം നയിക്കുന്നത് കണ്ട അനുഭവവും അതിന്റെ ചിത്രവും പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ വിടവാങ്ങി. ഞങ്ങള്‍, അന്നമനടക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു പരമേട്ടന്‍. ദീര്‍ഘകാലം തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. ഒരു ദശകത്തോളം മഠത്തില്‍ വരവിന്റെ പ്രമാണിയായി. വിരലിനു സുഖമില്ലാതെ വന്നതുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി നിന്നു.

അന്നമനട മഹാദേവ ക്ഷേത്രത്തില്‍ പരമേട്ടന്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം കേള്‍ക്കാന്‍ ഏതു തിരക്കു മാറ്റി വെച്ചും ഞാന്‍ എത്താറുണ്ടായിരുന്നു. ഡല്‍ഹിയില്‍ പാര്‍ലമെണ്ട് സമ്മേളനം നടന്ന സമയത്ത് മാത്രമാണ് പോകാന്‍ കഴിയാതെ പോയത്. സാധാരണ പള്ളിവേട്ടക്കാണ് പതിവ്. ഇത്തവണ ആറാട്ടിനായിരുന്നു അദ്ദേഹം നയിച്ച പഞ്ചവാദ്യം. അസുഖം മാറിയതിനു ശേഷം ആദ്യമായി പഞ്ചവാദ്യം നയിക്കുന്നത് വീണ്ടും കണ്ടു. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് മുമ്പായിരുന്നു ഉത്സവം . അന്ന് പകര്‍ത്തിയ ചിത്രമാണ് ഇതിന്റെ കൂടെയുള്ളത്. പിറ്റേ ദിവസം ഡല്‍ഹിയിലേക്ക് ഒരു പരിപാടിക്ക് പോകുന്നുവെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തി തൃശൂരില്‍ വെച്ച് ശിഷ്യരും ആരാധകരും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു - അന്നമനട ത്രയമായിരുന്നു പഞ്ചവാദ്യത്തിന്റെ പര്യായം. അച്ചുതമാരാരും പരമേശ്വര മാരാരും പീതാംബര മാരാരും ആ പാരമ്പര്യ തുടര്‍ച്ചയായി , അവരുടെ പിന്‍ഗാമിയായി, തിമിലയിലെ പ്രതിഭയും പഞ്ചവാദ്യ നായകനുമായി പരമേശ്വരമാരാര്‍ മാറി.

പഴയ വഴികള്‍ പുതുക്കി അവതരിപ്പിക്കുന്നതിനും പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനും ധൈര്യം കാണിച്ചുവെന്നതാണ് അന്നമനട പരമേശ്വര മാരാരെ വ്യത്യസ്തനാക്കുന്നത്. നിരവധി പുരസ്‌കാരങ്ങളിലൂടെ അദ്ദേഹം അംഗീകരിക്കപ്പെട്ടു.
നമോവാകം. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top