15 September Sunday

കൃഷിയിൽ -നെതർലൻഡ‌്സ‌ുമായി സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

നെതർലൻഡ‌്സിലെ റോട്ടർഡാം തുറമുഖം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശിക്കുന്നു


തിരുവനന്തപുരം
കൃഷി, വനപരിപാലന മേഖലയിൽ കേരളവും നെതർലൻഡ‌്സുമായി സഹകരിക്കാൻ സാധ്യതകൾ തെളിയുന്നു. നെതർലൻഡ‌്സിൽ സന്ദർശനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനും വെസ്റ്റ്മാസിലെ വാഗ്‌നിൻഗെൻ സർവകലാശാല അധികൃതരുമായി നടത്തിയ കൂടിക്കാഴ‌്ചയിലാണ‌് സഹകരണ സാധ്യത ചർച്ചയായത‌്.

പ്രിസിഷൻ ഫാമിങ‌്, വിള വൈവിധ്യവൽക്കരണം, കോൾഡ് സ്‌റ്റോറേജ്, കടൽ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയവ സംബന്ധിച്ചായിരുന്നു ചർച്ച. കൃഷി, വനപരിപാലന മേഖലയിൽ ഒന്നാംസ്ഥാനത്താണ‌് വാഗ്‌നിൻഗെൻ സർവകലാശാല. ലൈഫ് സയൻസ്, പ്രകൃതി വിഭവ ഗവേഷണത്തിനാണ് ഊന്നൽ നൽകുന്നത്. സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രിയെ റിലേഷൻ മാനേജ്‌മെന്റ‌് ആൻഡ‌് അക്കൗണ്ട് മാനേജ്‌മെന്റ‌് സീനിയർ അഡ‌്വൈസർ മാർക്കോ ഒട്ടെ സ്വീകരിച്ചു.

തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗർഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്‌റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീൻ ഹൗസിലെ പ്രവർത്തനങ്ങളും മുഖ്യമന്ത്രി നേരിട്ട‌് മനസ്സിലാക്കി.

റോട്ടർഡാം തുറമുഖവും മുഖ്യമന്ത്രി സന്ദർശിച്ചു. തുറമുഖത്തിലെ പ്രോഗ്രാം മാനേജർ എഡ്വിൻ വാൻ എസ്‌പെൻ അദ്ദേഹത്തെ സ്വീകരിച്ചു. ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്‌മെന്റ‌്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കി. തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതർലൻഡ്‌സിലെ ഇന്ത്യൻ അമ്പാസഡർ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top