25 May Monday

പാലാരിവട്ടത്തെ ടാക്സി ഡ്രൈവറുടെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019


പാലക്കാട്
കാർ തട്ടിയെടുക്കാന്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും നാലുലക്ഷം രൂപ വീതം പിഴയും ശിക്ഷ. പല്ലശന മഠത്തിൽക്കളം കൊല്ലംപൊറ്റ അഭിലാഷി(28)നും കൊല്ലങ്കോട് മേച്ചേനി അച്ചനാംകോട് വിനേഷി(29)നുമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ പി ഇന്ദിര ശിക്ഷ വിധിച്ചത്. ടാക്സി ഡ്രൈവർ എറണാകുളം പാലാരിവട്ടം പൈപ്പ‌് ലൈൻ റോഡ് കരുമാലിപ്പപറമ്പ് വീട്ടിൽ സന്തോഷി(51)നെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

പിഴസംഖ്യ സന്തോഷിന്റെ ആശ്രിതർക്ക് നൽകണം. നല്‍കിയില്ലെങ്കില്‍ നാലുവർഷം അധിക തടവും അനുഭവിക്കണം. കാർ തട്ടിയെടുക്കാൻ ശ്രമിച്ചതിന് പത്തുവർഷം കഠിനതടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2010 ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സന്തോഷ് വാങ്ങിയ പുതിയ കാർ തട്ടിയെടുക്കാനായി പ്രതികൾ പാലാരിവട്ടത്തുനിന്ന് പാലക്കാട്ടേക്ക് ഓട്ടം വിളിക്കുകയായിരുന്നു. കൊടുമ്പ് പേഴംപള്ളത്തെത്തിയപ്പോൾ രണ്ടാംപ്രതി  വിനേഷ് സന്തോഷിന്റെ മുഖത്ത് ടവ്വൽ ചുറ്റി പിൻസീറ്റിലേക്ക് പിടിക്കുകയും ഒന്നാംപ്രതി അഭിലാഷ് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കരിങ്കരപ്പുള്ളി കാക്കത്തറ പാലത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ച് കാറുമായി  പ്രതികള്‍ കടക്കുന്നതിനിടെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ലക്ഷ്മണനും സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസും ചേർന്ന് പിടികൂടുകയായിരുന്നു. സിഐ മുഹമ്മദ് കാസിമാണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്ട് ഹാജരായി. വിധി കേൾക്കാൻ സന്തോഷിന്റെ ഭാര്യ ഷീലയും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.

 

ആഗ്രഹിച്ച വിധിയെന്ന‌് ഷീല സന്തോഷ‌്
കൊച്ചി
‘‘ആഗ്രഹിച്ചിരുന്ന വിധിയാണിത‌്. വധശിക്ഷ വേണമെന്ന‌് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത‌് ഒന്നിനും പരിഹാരമല്ല. എല്ലാവർക്കും പാഠമാകുന്ന വിധി വേണമെന്നാണ‌് കരുതിയത‌്. അത‌് നടന്നു.’’ കൊല്ലപ്പെട്ട ടാക‌്സി ഡ്രൈവർ പാലാരിവട്ടം പൈപ്പ‌ുലൈൻ റോഡ് കരുമാലിപ്പറമ്പുവീട്ടിൽ സന്തോഷിന്റെ ഭാര്യ ഷീല പറഞ്ഞു.

മകൾ ചാരു സന്തോഷ‌് പത്താംക്ലാസ‌് വിജയിച്ച‌് പ്ലസ‌് വണിൽ ചേരാൻ പോയ ദിവസമാണ‌് ക്രിമിനൽസംഘം സന്തോഷിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി കൊന്നത‌്. ഇതോടെ ആകെ തകർന്നു. പാലാരിവട്ടം സ‌്റ്റാൻഡിൽ ടാക‌്സി ഡ്രൈവറായിരുന്ന സന്തോഷിന്റെ വരുമാനം മാത്രമായിരുന്നു ആശ്രയം. തുടർന്ന‌്‌ കേസിന്റെ കാര്യത്തിലുൾപ്പെടെ താങ്ങും തണലുമായി നിന്നത‌് സന്തോഷിന്റെ ബന്ധുക്കളും സിപിഐ എം പ്രവർത്തകരുമായിരുന്നു. പി രാജീവ‌് വളരെയധികം സഹായിച്ചു. പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന വിനോദ‌് കായനാട്ട‌്, അഡ്വ. ഹരി തുടങ്ങിയവർ നൽകിയ സഹായവും വിലപ്പെട്ടതാണ‌്–- ഷീല പറഞ്ഞു.

സന്തോഷ‌് കൊല്ലപ്പെടുമ്പോൾ പാലാരിവട്ടത്ത‌് വാടകവീട്ടിലായിരുന്നു താമസം. പിന്നീട‌് സന്തോഷിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിപിഐ എം പ്രവർത്തകരുടെയും സഹായത്താൽ ഇടപ്പള്ളിയിൽ വീട‌് നിർമിച്ചു. ഷീല ജിസിഡിഎയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ‌് അസിസ‌്റ്റന്റ‌ായി ജോലി ചെയ്യുകയാണ‌്. നേഴ‌്സിങ‌്‌  പഠനം പൂർത്തിയാക്കിയ മകൾ ചാരുവിന‌് ഡൽഹി എയിംസിൽ  ജോലി ലഭിച്ചു. മകൻ അനന്തു സന്തോഷ‌് മഹാരാജാസ‌് കോളേജിൽ ബിരുദവിദ്യാർഥിയാണ‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top