രാജന്‍ എം കൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍ > പ്രശസ്ത ചിത്രകാരന്‍ രാജന്‍ എം കൃഷ്ണന്‍ (49) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രെയില്‍ ഹെമറേജിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച അസുഖം കൂടിയതിനാല്‍ കോ– ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.30 ഓടെ മരിച്ചു. മൃതദേഹം കോ–ഓപ്പറേറ്റീവ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
ചെറുതുരുത്തി പള്ളം മണ്ടലപ്പറമ്പില്‍ കൃഷ്ണന്റെ മകനാണ്. സാഹിത്യകാരന്‍ കെ വി രാമനാഥന്റെ മകള്‍ രേണുവാണ് ഭാര്യ. മക്കളില്ല. ദേശാഭിമാനിയുടെ കൊച്ചികാഴ്ച സപ്ളിമെന്റില്‍ രാജന്റെ കാരിയാത്തന്റെ കാഴ്കള്‍ എന്ന ചിത്രപരമ്പര ഒരു വര്‍ഷത്തോളം പ്രസിദ്ധീകരിച്ചിരുന്നു
വരള്‍ച്ചയും അലച്ചിലും തീര്‍ത്ത
കാലത്തിന്റെ ചിത്രഭാഷ
തൃശൂര്‍ > സമകാലിക ഇന്ത്യന്‍ ചിത്രകലയിലെ നവ ഭാവുകത്വസ്രഷ്ടാക്കളില്‍ മുന്നിലായിരുന്നു രാജന്‍ കൃഷ്ണന്‍. മലയാളി സമൂഹം വേണ്ടത്ര തിരിച്ചറിയാതിരുന്നപ്പോഴും ലോക ചിത്രകലയില്‍ സുപരിചിതനായിരുന്നു. എം എഫ് ഹുസൈനെപ്പോലെയുള്ളവര്‍ക്ക് ശേഷം ഇന്ത്യന്‍ ചിത്രകലയെ പുറംലോകത്ത് പ്രതിനിധീകരിച്ച യുവ നിരയിലെ പ്രമുഖരില്‍ ഒരാളാണ് രാജന്‍ കൃഷ്ണന്‍.
കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെയും ഫോട്ടോഗ്രഫിയുടെയും അനന്ത സാധ്യതകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ യുവ ചിത്രകാരന്മാരില്‍ പലരും പകച്ചുനിന്നപ്പോള്‍ സാങ്കേതികത്തികവോടെ തന്റേതായ വഴി നിര്‍ണയിച്ചാണ് രാജന്‍ മുന്നേറിയത്. ലോകമറിയുന്ന ചിത്രകാരനായിരിക്കുമ്പോഴും കേരളീയ പ്രകൃതിയും പശ്ചാത്തലങ്ങളും എന്നും വരികളില്‍ നിറയ്ക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ജീവിച്ചുകൊണ്ടുതന്നെ ലോകത്തെ പ്രധാന ഗ്യാലറികളിലും മ്യൂസിയത്തിലും പ്രദര്‍ശിപ്പിക്കാവുന്ന സൃഷ്ടികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാജനുണ്ടായിരുന്നു. കാലത്തിന്റെ വരള്‍ച്ചയും അലച്ചിലും തീര്‍ത്ത വിള്ളലുകളുടെ ചിത്രഭാഷയാണ് അവയുടെ ദൃശ്യാനുഭവം.
അന്യമാവുന്ന പ്രകൃതിയുടെ സൂക്ഷ്മ തന്ത്രികളെ, ആവാസ വ്യവസ്ഥ കീഴ്മേല്‍ മറിഞ്ഞ ജീവജാലങ്ങളുടെ ദൈന്യതയെ, ചമല്‍്ക്കാരങ്ങളില്ലാതെ നിറഭേദങ്ങളില്‍ പകര്‍ത്തി. ബിരുദവിദ്യാര്‍ഥിയായിരിക്കെ പരസ്യ ഏജന്‍സിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. സാമ്പത്തികാശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് തിരുവനന്തപുരം ഫൈന്‍ആര്‍ട്സ് കോളേജില്‍ നിന്ന് ചിത്രരചനയില്‍ ബിരുദവും ബറോഡ എംഎസ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്ത ബിരുദവും. ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍, ഫ്രാന്‍സ്, സ്പെയില്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പെയിന്റിങ് എക്സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രകലാ രംഗത്തെ രാജന്റെ വേറിട്ടശേഷി മനസ്സിലാക്കി ഇന്ത്യക്കകത്തും പുറത്തുമുള്ള ചിത്രകാരന്മാര്‍ രാജനെ ത്തേടി കൊച്ചിയിലെത്തിയിരുന്നു.









0 comments