29 February Saturday

രാജ്യത്ത്‌ കാർഷികപ്രതിസന്ധി രൂക്ഷം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


തൃപ്പൂണിത്തുറ
രാജ്യത്ത്‌ കാർഷികപ്രതിസന്ധി രൂക്ഷമായതായി കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ. ഇരുമ്പനത്ത്‌ കെഎസ്‌കെടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കർഷക ആത്മഹത്യ 40 ശതമാനം വർ‌ധിച്ചു. നിരവധി ആളുകളാണ്‌ കൃഷി ഉപേക്ഷിക്കുന്നത്‌. ബിജെപിയും സഖ്യസർക്കാരുകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌ ആത്മഹത്യകൾ വർധിച്ചത്‌. മഹാരാഷ്‌ട്രയിലാണ്‌ കൂടുതൽ മരണം. കുറഞ്ഞ പലിശയ്‌ക്ക്‌ കർഷകർക്ക്‌ വായ്‌പ നൽകുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനവും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത്‌ തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുകയാണ്‌. ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യം നടപ്പാക്കാനാണ്‌ പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്‌. ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി, എല്ലാവരെയും യോജിപ്പിച്ചുള്ള സമരത്തിനാണ്‌ പിണറായി സർക്കാർ മുൻകൈയെടുത്തത്‌. എന്നാൽ, നിയമത്തിനെതിരെ കോൺഗ്രസിന്റേത്‌ ഇരട്ടത്താപ്പാണ്‌. യുഡിഎഫിനും കോൺഗ്രസിനും ഇക്കാര്യത്തിൽ ഉറച്ചനിലപാടില്ലാത്തതിനാലാണ്‌ അവർക്കിടയിൽ എതിർപ്പുയർന്നത്‌.
പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കുകയാണ്‌ ബിജെപി. ബിപിസിഎൽ ഉൾപ്പെടെയുള്ളവ സ്വകാര്യവൽക്കരിക്കുന്നത്‌ കോർപറേറ്റ്‌ കമ്പനികൾക്കുമാത്രം വേണ്ടിയല്ല.

ബിജെപിക്കും അവർക്ക്‌ ഒത്താശ പാടുന്ന ഉദ്യോഗസ്ഥർക്കും വിൽപ്പനയുടെ ലാഭം കിട്ടും. രാജ്യത്തിന്റെ സ്വത്ത്‌ മുഴുവൻ ഇവരിലേക്ക്‌ എത്തുന്നതിനാണ്‌ നരേന്ദ്ര മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ ശ്രമിക്കുന്നത്‌. ഇതിനെതിരെ എല്ലാതരം ജനങ്ങളും സമരവുമായി രംഗത്തിറങ്ങുകയാണ്‌. ജെഎൻയു അടക്കമുള്ള സർവകലാശാലകളിൽ നടന്ന പോരാട്ടങ്ങൾ പ്രതീക്ഷ നൽകുന്നു. രാജ്യത്ത്‌ കർഷകർ തുടക്കംകുറിച്ച സമരപോരാട്ടങ്ങൾ യുവജനങ്ങളും വിദ്യാർഥികളും ഏറ്റെടുക്കുകയാണ്‌.

സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. പല ഘട്ടങ്ങളിലായി സംസ്ഥാനത്തിന്‌ ലഭിക്കേണ്ട തുകകളെല്ലാം പല കാരണങ്ങൾ പറഞ്ഞ്‌ നിഷേധിച്ചു.  ജനങ്ങൾക്ക്‌ സർക്കാരിലുള്ള വിശ്വാസം തകർക്കുകയാണ്‌ കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എം കെ മോഹനൻ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top