29 February Saturday

മുത്തൂറ്റ്‌ കാപ്പികോ : പൊളിച്ചാലും തീരില്ല നിയമ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


ആലപ്പുഴ
തീരദേശ പരിപാലന നിയമം ലംഘിച്ച്‌ കെട്ടിപ്പൊക്കിയ  മുത്തൂറ്റ്‌ കാപ്പികോ റിസോർട്ട്‌ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ്‌ നിയമ നടപടികളുടെ തുടക്കംമാത്രം. തണ്ണീർത്തടം നികത്തൽ, കായൽ കൈയേറ്റം, സർക്കാർ ഭൂമി കൈയേറൽ എന്നിവയ്‌ക്കു പുറമെ കെട്ടിട നികുതി കുടിശിക വരുത്തിയതിനുള്ള നിയമ നടപടികളും റിസോർട്ട്‌ ഉടമകളെ കാത്തിരിക്കുന്നു.

ചേർത്തലയ്‌ക്കടുത്ത്‌ പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ നെടിയതുരുത്ത്‌ ദ്വീപിലാണ്‌ 54 വില്ലകളുള്ള സപ്ത നക്ഷത്ര കാപ്പികോ റിസോർട്ട്‌ നിർമിച്ചത്‌.   തീരദേശപരിപാലനനിയമം ലംഘിച്ച്‌ നിർമിച്ച റിസോർട്ട്‌ പൊളിക്കാൻ  2013 ജൂലൈയിലാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. വെള്ളിയാഴ്‌ച സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചതോടെ പൊളിക്കൽ ഉറപ്പായി. പാണാവള്ളി പഞ്ചായത്തിന്‌ കെട്ടിട നികുതി ഇനത്തിൽ 48 ലക്ഷത്തിലേറെ രൂപയാണ്‌ കുടിശിക. പണമടക്കണമെന്ന്‌ പഞ്ചായത്ത്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉടമകൾ തയ്യാറായില്ല. ഇതേത്തുടർന്ന്‌ അവസാന നടപടിയെന്ന നിലയിൽ ഓൺലൈനിൽ റവന്യൂ റിക്കവറി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ഇതിനോടും ഉടമകൾ പ്രതികരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ  അറിയിച്ചു.

കാപ്പികോ റിസോർട്ട്‌ കൈവശമുണ്ടെന്ന്‌ അവകാശപ്പെട്ട 7.0212 ഹെക്‌ടർ ഭൂമിയിൽ 2.0397 ഹെക്‌ടർ സർക്കാർ ഭൂമി കൈയേറിയതാണെന്ന്‌ റവന്യൂ വകുപ്പിന്റെ  റിപ്പോർട്ടിൽ വ്യക്തമാക്കി. 1957ലെ ഭൂവിനിയോഗ നിയമ പ്രകാരം സർക്കാർ ഭൂമി അനധികൃതമായി കൈവശം വയ്‌ക്കുന്നവർക്ക്‌ മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇതിനു പുറമെയാണ്‌ കായലും തണ്ണീർത്തടവും കൈയേറിയതിനുള്ള നിയമ നടപടികൾ. തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നികത്തിയ പ്രദേശം പൂർവസ്ഥിതിയിലാക്കുക ഉടമയുടെ ഉത്തരവാദിത്വമാണ്‌. ഇതിനു വീഴ്‌ച വരുത്തിയാൽ  നടപടി നേരിടേണ്ടി വരും. 7.0397 ഹെക്‌ടറാണ്‌ കൈവശമുള്ളതെന്നാണ്‌ റവന്യൂ വകുപ്പിന്‌ കാപ്പികോ മുമ്പ്‌ സത്യവാങ്‌മൂലം നൽകിയത്‌. എന്നാൽ 11.5 ഹെക്‌ടറിലേറെ സ്ഥലത്താണ്‌ റിസോർട്ടുകൾ നിർമിച്ചിട്ടുള്ളത്‌. ഇതിൽ നിന്നു തന്നെ കായലും തണ്ണീർത്തടവും കൈയേറി എന്ന്‌ വ്യക്തമാണ്‌.


പ്രധാന വാർത്തകൾ
 Top