20 October Tuesday

സെക്രട്ടറിയറ്റിലെ തീപിടിത്തം: കാരണം വൈദ്യുതി ഷോർട്ട്‌ സർക്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


തിരുവനന്തപുരം
സെക്രട്ടറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടുമൂലമാണെന്ന്‌ ഉന്നതതല സമിതിയും. സമുച്ചയത്തിലെ  പൊളിറ്റിക്കൽ വിഭാഗത്തിന്റെ ഒരു ഭാഗത്തുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യതകൾ ഒന്നുമില്ലെന്നാണ്‌ സമിതിയുടെ കണ്ടെത്തൽ. അന്വേഷണത്തിന്‌ നേതൃത്വം നൽകിയ ദുരന്തനിവാരണ കമീഷണർ ഡോ. എ കൗശിക്‌ സമിതി റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറി. ചീഫ്‌ സെക്രട്ടറിയാണ്‌ വിവിധതല പരിശോധനാ സമിതിയെ ചുമതലപ്പെടുത്തിയത്‌.  പൊലീസ്‌, ഫോറൻസിക്‌, പൊതുമരാമത്തു വകുപ്പുകളുടെ അന്വേഷണങ്ങളും ഇതേ നിഗമനത്തിലാണെത്തിയത്.

പൊതുമരാമത്ത്‌ വകുപ്പാണ്‌ സംഭവവുമായി ബന്ധപ്പെട്ട ആദ്യറിപ്പോർട്ട്‌ സർക്കാരിന്‌ നൽകിയത്‌. ഓഫീസിലെ ഫാനിന്റെ വൈദ്യുതി ബന്ധത്തിൽനിന്നുണ്ടായ തീയാകാം കടലാസുകളിലേക്ക്‌ പടർന്നതെന്നായിരുന്നു പൊതുമരാമത്തിലെ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്‌. അട്ടിമറി സാധ്യത പൊലീസും തള്ളി. പൊലീസ്‌ ആസ്ഥാനത്തെ എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഐജി പി വിജയന്റെ മേൽനോട്ടത്തിൽ സ്‌പെഷ്യൽ എസ്‌പി സി അജിത്തും സംഘവും ഷോർട്ട്‌ സർക്യൂട്ട്‌ സാധ്യതയാണ്‌ കണ്ടെത്തിയത്‌. അട്ടിമറി സാധ്യത പൂർണമായും തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ സഹിതം പരിശോധിച്ചാണ്‌ സംഘം നിഗമനത്തിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top