20 September Friday

പ്രളയം: ഒരുലക്ഷം വീടിന്റെ വിവരം ശേഖരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


ഉരുൾപൊട്ടലിലും പേമാരിയിലും നാശനഷ്ടം നേരിട്ടവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധനാ സംഘം ഒരു ലക്ഷത്തിലധികം വീട്‌ സന്ദർശിച്ചു. റീബിൽഡ്‌ കേരള ആപ്‌ വഴി ഇവരുടെ പട്ടിക തലസ്ഥാനത്തെ ഡാറ്റാ പരിശോധന സംഘത്തിന്‌ കൈമാറി. ഡാറ്റ വിശദമായി പരിശോധിക്കാൻ 50 പേരടങ്ങിയ സംഘത്തെ നിയോഗിച്ചു.  സർക്കാർ ദുരിതാശ്വാസക്യാമ്പിലെത്താതെ ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവരുടെ പട്ടിക ഇവർ തയ്യാറാക്കും. തുടർന്ന്‌  അർഹരായ മുഴുവൻ കുടുംബത്തിനും 10,000 രൂപയുടെ ദുരിതാശ്വാസ തുക നൽകും.  

ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ ഓഫീസിലെ കംപ്യൂട്ടർ ലാബിലാണ്‌ പരിശോധനാ സംഘം പ്രവർത്തിക്കുന്നത്‌. കുടുംബശ്രീവഴിയാണ്‌ ഇവരെ നിയമിച്ചത്‌. ലഭിക്കുന്ന ഡാറ്റ ഞൊടിയിടയിൽ പരിശോധിച്ച്‌ തീരുമാനമെടുക്കും. ആഗസ്‌ത്‌ ആദ്യമുണ്ടായ ഉരുൾപൊട്ടലും  പേമാരിയും ഭയന്ന്‌ നിരവധി കുടുംബം ബന്ധുവീടുകളിലേക്കും മറ്റിടങ്ങളിലേക്കുമായി മാറിത്താമസിച്ചിരുന്നു. ക്യാമ്പിൽ കഴിഞ്ഞവർക്ക്‌ സമാനമായി ഇവർക്കും ദുരിതാശ്വാസ സഹായം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഈ കുടുംബങ്ങളെ കണ്ടെത്താൻ വന്യൂ, തദ്ദേശഭരണ ഉദ്യോഗസ്ഥടരങ്ങിയ സംയുക്ത പരിശോധനാ സംഘത്തെയും സർക്കാർ നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയാണ്‌ ഇവർ സ്ഥലത്ത്‌ പോയത്‌. ഒരാഴ്‌ചയ്‌ക്കിടെ 3000 പേരടങ്ങുന്ന സംഘമാണ്‌ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്‌.

ക്യാമ്പിൽ കഴിഞ്ഞവരുടെ കണക്ക്‌ റവന്യൂവകുപ്പിന്റെ കൈവശമുണ്ടായിരുന്നു. അതുപ്രകാരം 52,000 പേർക്ക്‌ ഓണത്തിനുമുമ്പുതന്നെ 10,000 രൂപ നൽകാനായി. മറ്റുള്ളവരുടെ കാര്യത്തിൽ കുറ്റമറ്റ പട്ടിക തയ്യാറാക്കാനാണ്‌ സർക്കാർ തീരുമാനം.


പ്രധാന വാർത്തകൾ
 Top