18 October Friday

‘യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ പോരാടും’ : ഫസലിന്റെ ജ്യേഷ്‌ഠൻ അബ്ദുറഹ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


കതിരൂർ
ഫസലിനെ കൊന്ന യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ  പോരാടുമെന്ന്‌  ജ്യേഷ്‌ഠൻ  അബ്ദുറഹ്‌മാൻ. ഇതിന്‌ എന്ത്‌ ത്യാഗവും സഹിക്കാൻ തയാറാണ്‌. കതിരൂരിൽ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും കുടുംബാംഗങ്ങളുടെ   ഉപവാസ സമരത്തിന്‌ പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു അബ്ദുറഹ്‌മാൻ.

സിബിഐ  യാഥാർഥ പ്രതികളെ കണ്ടെത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.   സിബിഐ അന്വേഷണം  ഏറ്റെടുത്തപ്പോൾ രണ്ടു പ്രാവശ്യം വിളിപ്പിച്ചിരുന്നു.  കുറ്റപത്രത്തിന്റെ കോപ്പി  തരണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ, തരാൻ പറ്റില്ലെന്നും വായിച്ചു കേൾപ്പിക്കാമെന്നുമാണ്‌  പറഞ്ഞത്‌. അതിൽ താൻ പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്‌ എഴുതിവച്ചത്‌. ഇത്‌ ചോദ്യം ചെയ്‌തപ്പോൾ ‘അടികൊണ്ടു പരിചയമുണ്ടോ’ എന്നാണ്‌ സിബിഐ ഉദ്യോഗസ്ഥർ തിരിച്ചുചോദിച്ചത്‌. തന്റെ സഹോദരനുവേണ്ടി മരിക്കാൻവരെ തയാറാണെന്ന്‌ പറഞ്ഞപ്പോൾ അസഭ്യവർഷമായിരുന്നു മറുപടി. ഫസലിനെ കൊന്ന യഥാർഥ പ്രതികളെ പിടികൂടുന്നതിനും കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും നിരപരാധിത്വം തെളിയിക്കുന്നതിനും ഏതറ്റംവരെയും പോകും.

ഫസലിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ കാരായി രാജനും ഉണ്ടായിരുന്നു. കൊലപാതകികളെ കണ്ടെത്തുന്നതിന്‌ കോഴിക്കോട്ടോ പരിയാരത്തോ  പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന്‌ ആദ്യം നിർദേശിച്ചത്‌ കാരായി രാജനാണ്‌.  ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹവും ഇതുതന്നെയാണ്‌ ആവർത്തിച്ചത്‌. എന്നാൽ, കൊലപാതകികളെ തങ്ങൾ കണ്ടുപിടിച്ചോളാമെന്നാണ്‌ എൻഡിഎഫ്‌ നേതാവ്‌ പറഞ്ഞത്‌. താൻ എതിർത്തപ്പോഴാണ്‌ പോസ്‌റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയതെന്നും അബ്ദുറഹ്‌മാൻ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top