19 September Saturday

ലൈഫ്‌ പദ്ധതി തകർക്കാൻ കോൺഗ്രസ്‌ ശ്രമം‌ : എ സി മൊയ്‌തീൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

തൃശൂർ
വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിനെച്ചൊല്ലി കുപ്രചാരണം നടത്തി ലൈഫ് പദ്ധതിയെ തകർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമമെന്ന് മന്ത്രി എ സി മൊയ്‌തീൻ. റെഡ്‌ക്രസന്റ്‌ നേരിട്ട്‌ ഫ്‌ളാറ്റ്‌ നിർമിച്ച്‌ കൈമാറുകയാണ്‌. സർക്കാരുമായി പണമിടപാടില്ല. മറ്റു സ്ഥാപനങ്ങളും ഇത്തരത്തിൽ നിർമിക്കുന്നുണ്ട്‌. ഇത്തരം സ്‌പോൺസർമാരെ ഇല്ലാതാക്കുകയെന്ന ദുഷ്‌ടലാക്കാണ്‌ ഇതിനുപിന്നിൽ. പാവങ്ങളുടെ വീടെന്ന സ്വപ്‌നത്തെയും തകർക്കുകയാണെന്നും മന്ത്രി ദേശാഭിമാനിയോട്‌ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റിൽ യുഎഇ റെഡ്‌‌ ക്രസന്റ്‌ സ്‌പോൺസർ ചെയ്‌ത ഭവനസമുച്ചയം പൂർത്തിയാകുകയാണ്‌. 500 ചതുരശ്രഅടി വിസ്‌തീർണമുള്ള 140 വീടുകളാണ്‌ പൂർത്തിയാവുന്നത്‌‌. റെഡ്‌ക്രസന്റ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ അറ്റീഫ്‌ അൽ ഹലാഹി, എം എ യൂസഫലി എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ്‌ ധനസഹായത്തിന്‌ പകരം ഫ്ളാറ്റ്‌ നിർമ്മിക്കാൻ തീരുമാനിച്ചത്‌. നിർമാണഘട്ടങ്ങളിലെല്ലാം അനിൽ അക്കര എംഎൽഎ സ്ഥലം സന്ദർശിച്ചതാണ്‌. അന്നൊന്നും ആക്ഷേപമുന്നയിച്ചില്ല.

വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന്‌ കലക്‌ടർ റിപ്പോർട്ട്‌ നൽകി. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി, ഭൂമി നഗരസഭയ്‌ക്ക്‌ കൈമാറി. ഒരു വർഷത്തിനുള്ളിൽ നിർമാണവും ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്‌. ഇതുപ്രകാരം സുതാര്യമായാണ്‌ വീടുനിർമാണം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളാറ്റ്‌ ഡിസംബറിൽ പൂർത്തിയാകും
തൃശൂർ
സംസ്ഥാനത്ത് ആദ്യമായി പൂർണമായും സ്‌പോൺസർഷിപ്പിൽ നിർമിക്കുന്ന വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയം ഡിസംബറിൽ നാടിന് സമർപ്പിക്കും. സെപ്‌തംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, കോവിഡ്‌ ലോക്‌ഡൗൺമൂലം വൈകി. 140 ഭൂരഹിതരുടെ സ്വപ്‌നം സഫലമാകും.

മൂന്ന് നിലകളിൽ 500 ചതുരശ്രഅടി വിസ്‌തീർണമുള്ള 140 വീടുകളാണ് നിർമിക്കുന്നത്. ഒരു ബ്ലോക്കിൽ 40 ഭവനങ്ങളുണ്ടാകും. കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തിയാണ് ഉപഭോക്താക്കളെ കണ്ടെത്തിയത്. ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, പാർക്ക്, കളിസ്ഥലം മറ്റ് ആധുനിക സൗകര്യങ്ങൾ സമുച്ചയത്തിലുൾപ്പെടും. സുരക്ഷാ ജീവനക്കാരുമുണ്ടാകും. അടാട്ട്‌ ബാങ്ക്‌ അഴിമതിക്കേസിൽ പ്രതിക്കൂട്ടിലായ അനിൽ അക്കര തനിക്കെതിരായ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top