23 September Wednesday

പേരണ്ടൂർ കനാലിലെ നീരൊഴുക്ക് നഗരസഭ‌ ഉറപ്പാക്കിയില്ല: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


കൊച്ചി
പേരണ്ടൂർ കനാൽ ചെളി വാരി ശുചീകരിച്ചെന്ന്‌ അവകാശപ്പെടുന്ന കൊച്ചി നഗരസഭ കനാലിലെത്തുന്ന വെള്ളം കായലിലേക്ക്‌ ഒഴുകിപ്പോകുമെന്ന്‌ ഉറപ്പാക്കിയില്ലെന്ന്‌ കലക്ടറുടെ റിപ്പോർട്ട്‌.  കഴിഞ്ഞ 29ന്‌ പെയ്‌ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും കനത്ത വെള്ളക്കെട്ടിലാകാൻ ഇതു കാരണമായെന്നും ഹൈക്കോടതിയിൽ തിങ്കളാഴ്‌ച സമർപ്പിച്ച റിപ്പോർട്ടിൽ കലക്ടർ വ്യക്തമാക്കി. പനമ്പിള്ളിനഗർ, റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌, കമ്മട്ടിപ്പാടം, ഉദയകോളനി, പി ആൻഡ്‌ ടി കോളനി തുടങ്ങിയ പ്രദേശങ്ങളാണ്‌ ഒറ്റ മഴയ്‌ക്ക്‌ വെള്ളത്തിനടിയിലായത്‌. മുല്ലശേരി കനാലിലെ നീരൊഴുക്കുമായി ബന്ധപ്പെട്ട്‌ നഗരസഭ നൽകിയ വിശദീകരണം മുഴുവൻ തെറ്റാണെന്നും കലക്ടർ എസ്‌ സുഹാസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പേരണ്ടൂർ കനാൽ ഭാഗമാകെ ചെളിനീക്കി ശുചീകരിച്ചതായാണ്‌ നഗരസഭ സൂപ്രണ്ടിങ് എൻജിനിയറുടെ റിപ്പോർട്ടിലുള്ളത്‌. കിറ്റ്‌കോയുടെ നിർദേശപ്രകാരം പേരണ്ടൂർ റെയിൽവേ മേൽപ്പാലത്തിനപ്പുറം 150 മീറ്റർ കായൽ മൗെത്തിലെ ചെളി നീക്കിയതായും നഗരസഭ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിന്റെ ഭാഗമായി കനാലിൽനിന്നുള്ള വെള്ളം കായലിലേക്ക്‌ സുഗമമായി ഒഴുകിപ്പോയിട്ടുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല. എന്തായാലും നഗരസഭ ഇക്കാര്യം ഉറപ്പാക്കിയിട്ടില്ലെന്ന്‌ മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽനിന്ന്‌ വ്യക്തം. നഗരത്തിലെ മറ്റു കനാലുകളിലുണ്ടായ ജലനിരപ്പുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. മറ്റു കനാലുകളെ അപേക്ഷിച്ച്‌ മഴയെ തുടർന്ന്‌ പേരണ്ടൂർ കനാലിലെ ജലനിരപ്പ്‌ വളരെ ഉയർന്നതായിരുന്നു. കായലുകളിലേക്ക്‌ തുറക്കുന്ന തേവരയിലും പേരണ്ടൂരും വെള്ളമൊഴുകിപ്പോകാൻ തടസ്സമുണ്ടായതാണ്‌ കാരണം. ഈ ചെളി അടിയന്തരമായി  വാരി നീക്കണം. പേരണ്ടൂർ റെയിൽപ്പാലത്തിൽനിന്ന്‌ കായലിലേക്കുള്ള 30 മീറ്റർ വീതിയുള്ള കനാൽ ഭാഗവും ചെളി നീക്കി ശുചിയാക്കണം. എന്നാൽമാത്രമേ കനാലിൽനിന്നുള്ള വെള്ളം വരാപ്പുഴ കായലിലേക്ക്‌ തടസ്സമില്ലാതെ ഒഴുകിപ്പോകൂ. ഇത്‌ തേവര ഭാഗത്തെ കായൽ മൗത്തിലും ഉറപ്പാക്കണം.

മുല്ലശേരി കനാലിൽ നേരത്തെ നടത്തിയ അശാസ്‌ത്രീയ നിർമാണമാണ്‌ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌, കാരിക്കാമുറി, കമ്മട്ടിപ്പാടം പ്രദേശത്ത്‌ അനിയന്ത്രിതമായി വെള്ളമുയരാൻ  കാരണമായത്‌. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ പേരണ്ടൂർ കനാലിലെത്തുന്ന 990 മീറ്റർ നീളമുള്ള മുല്ലശേരി കനാലിന്റെ ആരംഭഭാഗം മുതൽ  400 മീറ്റർ പുനർനിർമിക്കണമെന്നാണ്‌ ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിരുന്നത്‌. നിലവിൽ ഈ ഭാഗം ഉയർന്നുനിൽക്കുന്നതാണ്‌ പേരണ്ടൂർ കനാലിലേക്കുള്ള നീരൊഴുക്ക്‌ തടസ്സപ്പെടുത്തുന്നത്‌. മുല്ലശേരി കനാലിന്റെ ആരംഭഭാഗത്ത്‌ തട്ടിന്‌ കായൽത്തട്ടിനെ അപേക്ഷിപ്പ്‌ 20 സെന്റിമീറ്റർ മാത്രമാണ്‌ ഉയരമുള്ളതെന്നാണ്‌ നഗരസഭയുടെ വിശദീകരണം. അതുതന്നെയാണ്‌ നഗരത്തിലുണ്ടായ വെള്ളക്കെട്ടിനു കാരണമായതെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top