22 September Tuesday

പെട്ടിമുടി ദുരന്തം : തെരച്ചിൽ പുഴയിലും ഉൾക്കാടുകളിലും; അരിച്ചുപെറുക്കി 11 ടീമുകൾ, ഒഴുകിപ്പോയത് 17 വാഹനങ്ങൾ

ജിതിൻ ബാബുUpdated: Tuesday Aug 11, 2020

മൂന്നാർ
പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താൻ തെരച്ചിൽ നാലാംദിവസവും ഊർജിതമായി തുടരുന്നു. ഞായറാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന്‌ മൃതദേഹങ്ങൾ പെട്ടിമുടി പുഴയിൽനിന്ന്‌ കണ്ടെടുത്തു. കൂടാതെ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുഴയിൽനിന്ന്‌ ലഭിച്ചു. ഈ സാഹചര്യത്തിൽ ദുരന്തപ്രദേശത്തും പുഴയിലും ഉൾക്കാടുകളിലുമാണ് തിങ്കളാഴ്ച പരിശോധന കൂടുതലായി നടത്തിയത്‌. 16 കിലോമീറ്റർ ചുറ്റളിവിലാണ്‌ പരിശോധന. സംഭവസ്ഥലത്തുനിന്ന്‌ ഇനി കൂടുതൽ മൃതദേഹങ്ങൾ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം.

തിങ്കളാഴ്ച ലഭിച്ച ആറ്‌ മൃതദേഹങ്ങളും ദുരന്തപ്രദേശത്തുനിന്ന്‌ ഒന്നര കിലോമീറ്റർ അകലെ നിന്നാണ്‌ ലഭിച്ചത്‌. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ ഇവിടെ തടഞ്ഞ്‌ നിൽക്കുകയായിരുന്നു. പ്രത്യേകം രൂപീകരിച്ച ടീമുകളാണ്‌ ഇവ കണ്ടെത്തിയത്‌.  ദുരന്തസ്ഥലത്ത്‌ നാല്‌ ടീമുകളാണ്‌ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്‌. ഇവർ രണ്ടായി പിരിഞ്ഞ്‌ ഇരുഭാഗത്തുനിന്നും പരിശോധന നടത്തി. കാലാവസ്ഥ അനുകൂലമായതിനാൽ തിങ്കളാഴ്ച രാവിലെ ഏഴിനുതന്നെ തെരച്ചിൽ ആരംഭിച്ചു. കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന. ഉച്ചയോടെ മഴയും മൂടൽമഞ്ഞും ശക്തമായത്‌ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.

അരിച്ചുപെറുക്കി 11 ടീമുകൾ
കഴിഞ്ഞ ദിവസത്തിൽനിന്ന്‌ വ്യത്യസ്‌തമായി 11 ടീമായാണ്‌ തിങ്കളാഴ്ച പരിശോധന നടത്തിയത്‌. ഇതിൽ പത്ത്‌ ടീമുകളിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, എൻഡിആർഎഫ്‌, പൊലീസ്, ഫയർഫോഴ്‌സ്‌‌ എന്നിവരാണുള്ളത്‌. സ്‌കൂബ ഡൈവിങ് ടീമും ഇവരോടൊപ്പമുണ്ട്. പതിനൊന്നാമത്തെ ടീമിൽ ട്രെക്കിങ് ഡ്രൈവർമാർ, പ്രദേശവാസികൾ, ഉൾക്കാടുകളിൽ പോയി പരിചയമുള്ളവർ, പത്ത്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 പേരുമുണ്ട്‌.

ഒഴുകിപ്പോയത് 17 വാഹനങ്ങൾ
രാജമല പെട്ടിമുടിക്കുസമീപം മലയിടിഞ്ഞുണ്ടായ അപകടത്തിൽ ലയങ്ങൾക്കുമുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ്‌, കാർ ഉൾപ്പെടെ 17 വാഹനങ്ങൾ ഒഴുകിപ്പോയതായി പ്രദേശവാസികൾ പറഞ്ഞു. രണ്ട് ഇന്നോവ കാറുകൾ, നാല് ജീപ്പുകൾ, ഓട്ടോ, ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവം നടന്ന സ്ഥലത്തും സമീപത്തുള്ള പുഴയിലുമായി രണ്ട് ജീപ്പുകൾ പൂർണമായി നശിച്ചനിലയിൽ കണ്ടെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top