20 September Friday

ക്യാമ്പുകൾ ഒഴിഞ്ഞ്‌ വീടുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ഏലൂരിൽ ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ വീട്ടിലെത്തിയവർ വീട്‌ വൃത്തിയാക്കുന്നു


കൊച്ചി
മഴയൊഴിഞ്ഞ്‌ മാനംതെളിഞ്ഞ ഞായറാഴ്‌ച രാവിലെമുതൽ ജില്ലയിലെ വിവിധ  ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക്‌ മടങ്ങിപ്പോയി. വെള്ളവും ചെളിയും കയറി താമസയോഗ്യമല്ലാതായ വീടുകൾ വൃത്തിയാക്കുന്ന ജോലികൾ പലയിടത്തും രാവിലെതന്നെ തുടങ്ങി. ഭക്ഷണം പാകംചെയ്യാനോ രാത്രി തങ്ങാനോ കഴിയുംവിധം എല്ലാ വീടുകളും സജ്ജീകരിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും ഉറക്കത്തിനും പലർക്കും ക്യാമ്പുകളെത്തന്നെ ആശ്രയിക്കേണ്ടിയും വന്നു.

ജില്ലയിൽ ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന ആലുവ, പറവൂർ താലൂക്കുകളിലെ ഏതാനും ക്യാമ്പുകൾ ഞായറാഴ്‌ച രാവിലെ  അവസാനിപ്പിച്ചു. വീടുകളിൽ ചെറിയ അളവിൽ വെള്ളംകയറിയപ്പോൾത്തന്നെ മുൻവർഷത്തെ അനുഭവംവച്ച്‌ ഏറെപ്പേർ ക്യാമ്പുകളിലേക്ക്‌ മാറിയിരുന്നു. ദുരിതാശ്വാസ പ്രവർത്തകരുടെ അറിയിപ്പിന്‌ കാത്തുനിൽക്കാതെ  സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറുകയായിരുന്നു ഏറെപ്പേരും. വീട്ടുസാധനങ്ങൾ വെള്ളം കയറാത്ത ഇടങ്ങളിൽ നേരത്തെ സുരക്ഷിതമാക്കിയിരുന്നു. സ്‌ത്രീകളെയും കുട്ടികളെയും ബന്ധുവീടുകളിൽ സുരക്ഷിതരാക്കി സമീപത്തെ ക്യാമ്പിൽ അഭയം തേടിയവരും ഏറെ.

താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്നുപോലും ഞായറാഴ്‌ച ഉച്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങി. രണ്ടടിയോളം വെള്ളമാണ്‌ താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ കയറിയത്‌. വെള്ളമിറങ്ങിയെങ്കിലും വീടുകളിലും മുറ്റത്തുമെല്ലാം ചെളിയടിഞ്ഞുകൂടിയ നിലയിലാണ്‌. ചെളി വടിച്ചുമാറ്റി ബ്ലീച്ചിങ് പൗഡറും മറ്റും ഉപയോഗിച്ച്‌ വൃത്തിയാക്കുന്ന ജോലികളാണ്‌ വീടുകളിൽ നടന്നത്‌.

ക്യാമ്പുകളിൽ അഭയംതേടിയവരുടെ കൃത്യമായ കണക്കുകളും വിവരങ്ങളും എല്ലായിടത്തും ശേഖരിക്കുന്നുണ്ട്‌. ശുചീകരണവും ഭക്ഷണവിതരണവും ആരോഗ്യപരിശോധനയുമെല്ലാം പിഴവില്ലാതെ നടത്താൻ ഇതുമൂലം കഴിയുന്നു.  തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബശ്രീ, ആശാപ്രവർത്തകരും ജനപ്രതിനിധികളും  സന്നദ്ധപ്രവർത്തനം ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്‌.  മഴ വീണ്ടും കനക്കാതിരുന്നാൽ ജില്ലയിലെ ക്യാമ്പുകൾ ഏറെയും തിങ്കളാഴ്‌ചയോടെ അവസാനിപ്പിക്കാനായേക്കും.


പ്രധാന വാർത്തകൾ
 Top