21 October Monday

ഒപ്പമുണ്ട്‌ കേരളമാകെ ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019



സ്വന്തം ലേഖകൻ
സംസ്ഥാനത്താകെ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്‌. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റുന്നത്‌ തുടരുകയാണ്‌. പൊലീസ്‌, അഗ്നിസുരക്ഷ, കര, നാവികസേനാവിഭാഗങ്ങൾ, കോസ്‌റ്റ്‌ ഗാർഡ്‌, ദുരന്ത നിവാരണസേന, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഒപ്പമുണ്ട്‌.

വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ പ്രതികൂലകാലാവസ്ഥ തുടരുന്നത്‌ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. ദുഷ്‌കരമായ കാലാവസ്ഥയിലും മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുകയാണ്‌ രക്ഷാ പ്രവർത്തകർ. രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ്‌ വകുപ്പ്‌ 397 ബോട്ട്‌ തയ്യാറാക്കി. 210 എണ്ണം രക്ഷാപ്രവർത്തനത്തിലുണ്ട്‌.ഇവർ ഇതുവരെ 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. 361 രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നു. 923 മത്സ്യത്തൊഴിലാളികളാണ്‌  രക്ഷാപ്രവർത്തനരംഗത്തുള്ളത്‌. കോഴിക്കോട്ട്‌ 54 ഉം കണ്ണൂർ, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 50 വീതം ബോട്ടുകളും തയ്യാറായിട്ടുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂംപ്രവർത്തിക്കുന്നു.  സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ മുഖ്യമന്ത്രി നേരിട്ടെത്തി രണ്ടുതവണ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.  മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിങ്‌ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രനും സംബന്ധിച്ചു.


പ്രധാന വാർത്തകൾ
 Top