21 March Thursday

ദുരിതബാധിതർക്ക‌് സൗജന്യറേഷനും ധനസഹായവും നൽകും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന്‌ ഉയർന്ന ആലുവപ്പുഴയിലെ ജലനിരപ്പ്‌ വീക്ഷിക്കുന്ന മന്ത്രി ഇ ചന്ദ്രശേഖരൻ


കൊച്ചി
പ്രളയബാധിതമേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകുമെന്ന് റവന്യൂമന്ത്രി അറിയിച്ചു.  പെരിയാറിലും കൈവഴികളിലും ജലനിരപ്പുയർന്നശേഷമുള്ള സാഹചര്യം വിലയിരുത്താൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ‌് മന്ത്രി ഇക്കാര്യം അറിയിച്ചത‌്.

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്കും ദുരിതബാധിത മേഖലയിലുള്ളവർക്കും സഹായധനം വിതരണംചെയ്യും. അർഹരായവരെ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തും.  ദുരന്തനിവാരണ പ്രവർത്തനങ്ങൾ ജില്ലാ ഭരണാധികാരികൾ ഏകോപിപ്പിക്കും.

വെള്ളപ്പൊക്കത്തിൽനിന്നും മഴക്കെടുതിയിൽനിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സർക്കാർ എല്ലാ സഹായവും നൽകും.  ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ആർമി, നേവി, കോസ്റ്റ് ഗാർഡ്, ദേശീയ ദുരന്ത നിവാരണസേന, ഫയർ ആൻഡ് റെസ്‌ക്യു തുടങ്ങിയ സേനാവിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാണ‌് സേനയുള്ളത‌്. ലൈഫ് ജാക്കറ്റുകൾ, ബോട്ടുകൾ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങൾ ലഭ്യമാക്കും.

കർക്കടകവാവുബലി നടത്തുന്നവർ ജാഗ്രത പാലിക്കണം. ബലിതർപ്പണം കർശനനിയന്ത്രണത്തോടെയാകും നടത്തുക. പൊലീസിന്റെ നിർദേശങ്ങൾ പാലിച്ചുമാത്രം ചടങ്ങുകൾ നിർവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ബലിതർപ്പണത്തിന് ഏറ്റവും കൂടുതൽ പേർ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. പുഴയിൽനിന്ന് പരമാവധി അകന്നുനിന്ന് ചടങ്ങുകൾ നിർവഹിക്കണം. പകർച്ചവ്യാധികൾ പടരാതിരിക്കാൻ മുൻകരുതലിനായി പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കും. വെള്ളമിറങ്ങിയശേഷം ചളി അടിഞ്ഞുകൂടിയ വീടുകൾ വൃത്തിയാക്കാൻ സഹായം നൽകുന്നതും പരിഗണിക്കും. പൊതുശുചീകരണത്തിനും പ്രത്യേക സംവിധാനമൊരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും ശുചീകരണം. കൃഷിനാശത്തിന്റെ വിശദമായ കണക്കെടുക്കും. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ ആശങ്ക പടർത്തരുതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എല്ലാ പ്രദേശത്തെയും  സ്ഥിതിഗതികൾ യോഗം വിലയിരുത്തി. കുട്ടമ്പുഴയിൽ ആദിവാസിക്കോളനിയിൽ മെഡിക്കൽ സൗകര്യം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത ജോയ്‌സ് ജോർജ് എംപി ആവശ്യപ്പെട്ടു. കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ റേഷൻ, വൈദ്യസഹായം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു. വൈപ്പിൻ‐ കടമക്കുടി ദ്വീപ് നിവാസികൾക്കായി അധിക ബോട്ട് ഏർപ്പെടുത്തണമെന്ന് എസ് ശർമ്മ എംഎൽഎ ആവശ്യപ്പെട്ടു.
 പാലങ്ങളുടെ സുരക്ഷ  പരിശോധിക്കണമെന്ന് എൽദോ എബ്രഹാം  എംഎൽഎ ആവശ്യപ്പെട്ടു.

ആലുവ പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, ജോൺ ഫെർണാണ്ടസ്, എൽദോസ് കുന്നപ്പിള്ളി, വി പി സജീന്ദ്രൻ, റോജി എം ജോൺ, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭാ ചെയർപേഴ്‌സൺ ജെസി എബ്രഹാം, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ ജെസി പീറ്റർ, കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, ആർഡിഒമാരായ എസ് ഷാജഹാൻ, എം ടി അനിൽകുമാർ, പൊലീസ് കമ്മീഷണർ എം പി ദിനേശ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി ഡി ഷീലാദേവി തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top