തിരുവനന്തപുരം > മത്സ്യവിപണന മേഖലയിലെ കൊള്ള തടയുന്നതിനും വിപണനം നിയന്ത്രിക്കുന്നതിനും ചൂഷണം തടയുന്നതിനുമായി പുതിയ നിയമം അടുത്ത നിയമസഭാസമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ഫിഷറീസ്മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കും. ഇവിടെ നറുക്കെടുപ്പില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് നല്‍കും. മത്സ്യത്തൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാഗമായി 3000 രൂപയാണ് സാമ്പത്തികസഹായമായി നല്‍കുന്നത്. എന്നാല്‍, ഇതിലേക്കുള്ള കേന്ദ്രവിഹിതം നല്‍കുന്നില്ല. ഈ തുകയ്ക്കായി വീണ്ടും കേന്ദ്രത്തിന് കത്തയച്ചതായും മന്ത്രി പറഞ്ഞു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മത്സ്യലഭ്യത ഗണ്യമായി കുറയുന്നുവെന്ന സിഎംഎഫ്ആര്‍ഐ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഇതോടൊപ്പം കടലിലെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടും. ഇതിനായി രൂപീകരിച്ച വിദഗ്ധ കമ്മിറ്റി മൂന്ന് മേഖലകളില്‍ സിറ്റിങ് നടത്തി തൊഴിലാളിസംഘടനകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. യാനങ്ങള്‍, വലയുടെ വലുപ്പം, കണ്ണി തുടങ്ങിയവ നിയന്ത്രിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സമുദ്രാതിര്‍ത്തിയില്‍ 15,138 യാനങ്ങളേ പാടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 37,521 യാനങ്ങള്‍ ഇവിടെയുണ്ട്. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 44 ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതുകൊണ്ടുമാത്രം മത്സ്യസമ്പത്ത് സംരക്ഷിക്കാനാകില്ല. അതിനാലാണ് നിലവിലെ നിയമം ഭേദഗതിചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..