23 August Friday

മഴയും കാറ്റും: മൂന്ന്‌ വീട‌് തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


മുളന്തുരുത്തി/ പള്ളുരുത്തി
ശക്തമായ മഴയിലും കാറ്റിലും മൂന്ന്‌ വീടുകൾ തകർന്നു. മുളന്തുരുത്തി ഇഞ്ചിമലയിൽ അറയ്ക്കപ്പറമ്പിൽ രവിയുടെ വീട്  മേൽക്കൂര തകർന്ന് നിലംപൊത്തി. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. പെരുമ്പിള്ളി മടത്തേടത്ത് പി പി ഏലിയാമ്മയുടെ ഓടിട്ട വീടിനു മുകളിലേക്ക് അടയ്ക്കാമരം കടപുഴകി മേൽക്കൂര ഉൾപ്പെടെ വീട് തകർന്നു. ഇരു വീടുകളിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച‌് റിപ്പോർട്ട് സമർപ്പിച്ചു. മഴയും കാറ്റും ശക്തമായതോടെ മേഖലയിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

ചെല്ലാനത്ത് 14-–-ാം വാർഡിൽ അരികുചിറ പ്രദേശത്ത് താമസിക്കുന്ന പുത്തൻപറമ്പിൽ വീട്ടിൽ ലീല സോളമന്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയാണ‌് സംഭവം. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കഴുക്കോൽ ഒടിഞ്ഞിട്ടുണ്ട‌്. ഭിത്തിക്ക് വിള്ളലും വീണു. മൂന്നു സ്ത്രീകൾമാത്രമാണ‌് ഇവിടെ താമസം. ഇതിന‌ുമുമ്പും കാറ്റിൽ മേൽക്കൂര ഇടിഞ്ഞുവീണിരുന്നു.


പ്രധാന വാർത്തകൾ
 Top