18 June Tuesday

ചരിത്രത്തിന്റെ സ്പന്ദം പകർന്ന‌് അധിനിവേശത്തിന്റെ ഛായാപടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


കൊച്ചി
ചരിത്രവഴിക‌ളിലൂടെ കൊളോണിയൽ അധിനിവേശത്തെ വെളിപ്പെടുത്തുന്ന ചിത്രങ്ങളുടെ പ്രദർശനം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ തുടങ്ങി. ബ്രിട്ടീഷ‌് ഫോട്ടോഗ്രാഫർമാർ പകർത്തിയ ഹൈറേഞ്ചിലെ  മനുഷ്യർ, മൃഗങ്ങൾ, നായാട്ട്, പാർപ്പിടം, ഒത്തുചേരൽ, തൊഴിൽ, വികസനം, വ്യവസായം, പ്രകൃതിക്ഷോഭം തുടങ്ങിയവയാണ‌് ഇവയുടെ പ്രമേയം.

ഗവേഷകനും ചേർത്തല എൻഎസ‌്എസ‌് കോളേജിലെ അധ്യാപകനുമായ കെ പി ജയകുമാർ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റ ചരിത്രത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ചിത്രങ്ങളാണിവ. ഹൈറേഞ്ചിലെ വിവിധ ഇടങ്ങളിലെ മ്യൂസിയങ്ങൾ, ആർക്കൈവ്സുകൾ, പള്ളികൾ, സ്വകാര്യ ശേഖരങ്ങൾ,  ഹോട്ടലുകൾ, ഗസ്റ്റ‌് ഹൗസുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽനിന്നാണ് ചിത്രങ്ങൾ സമാഹരിച്ചതെന്ന് ജയകുമാർ പറഞ്ഞു.  200 ചിത്രങ്ങളുടെ ശേഖരത്തിലെ 40 എണ്ണമാണ‌്  പ്രദർശനത്തിലുള്ളത‌്.

നായാട്ടുചിത്രങ്ങളാണ് ഏറ്റവും ശ്രദ്ധേയം. വനഭൂമിയുടെ ഇല്ലാതാകൽ, ആദിവാസികളുടെ ഭൂമിനഷ്ടം, ഇല്ലാതായ ജൈവവൈവിധ്യം, മാറിമറിഞ്ഞ കാലാവസ്ഥ ഇതിന്റെയെല്ലാം തുടക്കം ബ്രിട്ടീഷ് നായാട്ടിന്റെ ചരിത്രത്തിൽ കണ്ടെത്തുകയാണ് ഗവേഷകൻ. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ദി ആർട്ട‌്സിന്റെ ഫെലോഷിപ്പോടെയാണ് ജയകുമാർ ഗവേഷണം പൂർത്തിയാക്കിയത‌്.  അധിനിവേശത്തിന്റെ ഛായാപടങ്ങൾ എന്ന് പേരിട്ട പ്രദർശനം ബുധനാഴ‌്ച സമാപിക്കും.


പ്രധാന വാർത്തകൾ
 Top