19 July Friday

കീം: മികച്ച നേട്ടവുമായി എറണാകുളം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ആൽഫിന് മാതാപിതാക്കളും സഹോദരിയും മധുരം നൽകുന്നു.


കൊച്ചി
കേരള എൻജിനിയറിങ്, ആർകിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള (കീം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മികച്ച നേട്ടവുമവയി എറണാകുളം ജില്ല. ജില്ലയിൽനിന്ന് പരീക്ഷയെഴുതിയ 179 പേരാണ് ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ പേർ 1000 റാങ്കിൽ ഇടം നേടിയ ജില്ലയെന്ന നേട്ടം എറണാകുളം സ്വന്തമാക്കി. 5498 പേരാണ് ഇവിടെനിന്ന് പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ തിരുവനന്തപുരത്തുനിന്ന് 93 പേർ മാത്രമാണ് ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടെനിന്ന് 5677 വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. വയനാട് ജില്ലയിൽനിന്നാണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയത്. 662 പേർ പരീക്ഷയെഴുതിയപ്പോൾ 18 വിദ്യാർഥികൾ ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടു. ഇടുക്കിയിൽനിന്ന് പരീക്ഷയെഴുതിയ 869 പേരിൽ 11 പേർക്ക് മാത്രമാണ് ആദ്യ 1000ത്തിൽ കടക്കാനായത്.

കൊല്ലം ജില്ലയിൽനിന്ന് പരീക്ഷയെഴുതിയ 4411 പേരിൽ 59 വിദ്യാർഥികളും പത്തനംതിട്ടയിൽനിന്ന് പരീക്ഷയെഴുതിയ 2626 പേരിൽ 30 വിദ്യാർഥികളും കോട്ടയത്തുനിന്ന് പരീക്ഷയെഴുതിയ 2841 വിദ്യാർഥികളിൽ 104 പേരും ആദ്യ ആയിരത്തിൽ ഇടംപിടിച്ചു. തൃശൂരിൽനിന്ന് 4486 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 89 വിദ്യാർഥികൾ ആദ്യ ആയിരത്തിൽ ഉൾപ്പെട്ടു. പാലക്കാട്ടുനിന്ന് പരീക്ഷയെഴുതിയ 2788 പേരിൽ 45 പേരും മലപ്പുറത്തുനിന്ന‌് എഴുതിയ 4450 പേരിൽ 103 വിദ്യാർഥികളും കോഴിക്കോട്ടുനിന്ന് പരീക്ഷയെഴുതിയ 4405 പേരിൽ 118 വിദ്യാർഥികളും കണ്ണൂരിൽ നിന്നെഴുതിയ 3578 പേരിൽ 68 വിദ്യാർഥികളും കാസർകോട്ടുനിന്ന‌് എഴുതിയ 1074 പേരിൽ 23 വിദ്യാർഥികളും ആദ്യ ആയിരത്തിൽ ഇടംനേടി.

ഇലഞ്ഞിക്ക‌് റാങ്കിന്റെ സുഗന്ധമേകി ആൽഫിൻ
കൂത്താട്ടുകുളം
സംസ്ഥാന എൻജിനിയറിങ‌് പ്രവേശന പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി ഇലഞ്ഞി സ്വദേശി. ഇലഞ്ഞി  അരഞ്ഞാണി ഓലിക്കൽ ആൽഫിൻ ഡേവിസ് പോമിയാണ് സംസ്ഥാനത്ത‌് ആറാം റാങ്ക് നേടി ജില്ലയിലെ ഒന്നാമനായത്. മാന്നാനം കെഇ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആൽഫിൻ പ്ലസ്‌ടു പരീക്ഷയിൽ ഇംഗ്ലീഷിനൊഴികെ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടിയിരുന്നു. പ്ലസ്‌ടു പഠനത്തിനൊപ്പം സ്‌കൂളിൽ  പ്രവേശനപരീക്ഷാ പരിശീലനവും നേടിയിരുന്നു. ഐഐടി പ്രവേശനത്തിനായി ജെഇഇ അഡ്വാൻസ് പ്രവേശനപരീക്ഷയും എഴുതിയ ആൽഫിൻ ഫലം കാത്തിരിക്കുകയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 1850–-ാം റാങ്ക് ലഭിച്ചിരുന്നു. 

കടുത്തുരുത്തിയിൽ റബർ മാർക്കറ്റിങ‌് ഫെഡറേഷൻ ഉദ്യോഗസ്ഥനായ പോമി സെബാസ്റ്റ്യന്റെയും പിറവം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മേഴ്‌സി തോമസിന്റെയും മകനാണ്. സഹോദരി അനീറ്റ.


പ്രധാന വാർത്തകൾ
 Top