17 July Wednesday

കെവിൻ ദുരഭിമാനക്കൊല : മുഖ്യപ്രതി ഷാനു ചാക്കോയുടെ സാന്നിധ്യം ഉറപ്പാക്കി സിസിടിവി ദൃശ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കോട്ടയം
കെവിൻ ദുരഭിമാനക്കൊലക്കേസിൽ സംഭവസ്ഥലത്ത‌് മുഖ്യപ്രതി ഷാനു ചാക്കോയുടെ സാന്നിധ്യം ഉറപ്പാക്കുന്ന സിസിടിവി ദൃശ്യം കോടതിയിൽ. സൈബർ ഫോറൻസിക‌് അസിസ‌്റ്റന്റ‌് ഡയറക്ടർ രാഖിലയാണ‌് ഇതുസംബന്ധിച്ച തെളിവുകൾ കേസ‌് വിചാരണ നടക്കുന്ന പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ നൽകിയത‌്. കെവിനെ തട്ടിക്കൊണ്ടുപോകാൻ വാഹനങ്ങ‌ളിൽ എത്തുന്നതുമുതൽ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര വരെ ഷാനു ഉണ്ടായിരുന്നതിന്റെ ശാസ‌്ത്രീയ തെളിവുകളാണ‌് കോടതിയിൽ സമർപ്പിച്ചത‌്. ദൃശ്യങ്ങൾ ഡിവിഡിയാക്കി കോടതിക്ക‌് കൈമാറി. കേസിൽ  ആദ്യദിവസം അന്വേഷണം നടത്തിയ ഡിവൈഎസ‌്പി ഷാജിമോനെയും കോടതി വിസ‌്തരിച്ചു.

ചാലിയേക്കര സ്വദേശി രാജീവിന്റെ വീട്ടിലും കടയിലും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ ഷാനു ചാക്കോയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട‌്. മഞ്ഞ ടീഷർട്ട‌് ധരിച്ച‌് വാഗൺ ആർ കാറിന്റെ ഇടതുവശത്ത‌് ഇരിക്കുന്നതായാണ‌് വീഡിയോ. സംഭവദിവസം ഷാനു ചാക്കോ മഞ്ഞ നിറത്തിലുള്ള ഷർട്ട‌ാണ‌് ധരിച്ചിരുന്നതെന്ന‌് പ്രധാന സാക്ഷികളടക്കം നേരത്തെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട‌്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിലും തുടർന്നുള്ള സംഭവങ്ങളിലും പ്രതിയുടെ പങ്ക‌് വ്യക്തമാക്കുന്നതാണ‌് ഇത‌്.

വിവിധ ഇടങ്ങളിൽനിന്ന‌് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ സൂക്ഷ‌്മമായി വിശകലനം ചെയ‌്തുള്ള റിപ്പോർട്ടാണ‌് കോടതിയിൽ നൽകിയത‌്. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘം 2018 മെയ‌് 27 ന‌് പുലർച്ചെ 1.23 ന‌് കെവിന്റെ വീടും പരിസരവും നിരീക്ഷിക്കാൻ എത്തി 1.30ന‌് തിരിച്ചുപോകുന്നതും പിന്നീട‌് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ 2.24 ന് ഇതേസ്ഥലത്തുകൂടി കെവിന്റെ വീട്ടിലേക്ക‌് പോകുന്നതും 2.38 ന‌് മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട‌്. ആദ്യം ഇന്നോവ, ഐ 20 കാറുകളും പിന്നാലെ 3.06 ന‌് വാഗൺ ആർ കാറുമാണ‌് കടന്നുപോകുന്നത‌്. മാന്നാനം കെഇ സ‌്കൂളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിലാണിത‌്.

ചാലിയേക്കരയിൽ പുലർച്ചെ 6.38, 6.39, 6.40 എന്നീ സമയങ്ങളിൽ ഈ മൂന്നുവാഹനങ്ങളും എത്തുന്നതിന്റെയും തിരിച്ചുപോകുന്നതിന്റെയും വീഡിയോകളുണ്ട‌്.
സംഭവത്തിൽ ഒരു ദിവസം മാത്രമാണ‌് കേസിൽ അന്വേഷണം നടത്തിയതെന്ന‌് ഡിവൈഎസ‌്പി ആയിരുന്ന ഷാജിമോൻ മൊഴി നൽകി. 27 ന‌് ഉച്ചയോടെ അന്വേഷണചുമതല ലഭിച്ചു. പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷ‌്, കെവിന്റെ അച്ഛൻ ജോസഫ‌്, എഎസ‌്ഐ ബിജു, സണ്ണി എന്നിവരുടെ മൊഴിയെടുത്തു. പിറ്റേന്ന‌് ക്രൈംബ്രാഞ്ച‌്  ഡിവൈഎസ‌്പിക്ക‌് അന്വേഷണം കൈമാറിയതായും അദ്ദേഹം മൊഴി നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top