20 May Monday

കോൺഗ്രസ‌് ബിജെപിയോടുള്ള രാഷ‌്ട്രീയ ഭക്തിയിൽ: എസ‌് ആർ പി

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

ആലുവ
കോൺഗ്രസും രാഹുൽഗാന്ധിയും ബിജെപിയോടുള്ള രാഷ‌്ട്രീയ ഭക്തിയിലാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. അതുകൊണ്ടാണ‌് തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ രാഹുൽഗാന്ധിയും കൂട്ടരും ക്ഷേത്രഭക്തിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘവും വ്യാപാരി വ്യവസായി സമിതിയും മറ്റ‌ു വർഗ–-ബഹുജന സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമം ആലുവയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ കഴിയുന്നത്ര സമാഹരിക്കാൻ മതേതര പാർടികളെ ഏകോപിപ്പിക്കാൻ കഴിയുന്ന പാർടിയാണ‌് കോൺഗ്രസ‌്. എന്നാൽ, അതിന‌ു ശ്രമിക്കുന്നതിനു പകരം പൊളിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത‌്. അതുകൊണ്ട‌് ഗുണം കിട്ടുന്നത‌് ബിജെപിക്കാണെന്ന‌് രാഹുലും കൂട്ടരും മറന്നുപോകുന്നു. ഇനി ഈ രാജ്യം നിലനിൽക്കണോ എന്നതിന്റെ ഉത്തരമായി മാറാൻ പോകുകയാണ‌് ഈ തെരഞ്ഞെടുപ്പ‌്. കാരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളെയെല്ലാം വരുതിയിലാക്കാനാണ‌് ആർഎസ‌്എസിന‌് മുൻതൂക്കമുള്ള ബിജെപി സർക്കാർ ഇക്കാലമത്രയും ശ്രമിച്ചത‌്. ഇനിയൊരു തവണകൂടി അധികാരത്തിലെത്തിയാൽ ഈ സംവിധാനമെല്ലാം തകർക്കപ്പെടും. അതിന്റെ സൂചനകളാണ‌് മോഡിസർക്കാർ നൽകിയത‌്. പാർലമെന്റിന്റെ അവകാശം കവർന്നെടുക്കുന്നു. ജുഡീഷ്യറിയെ നിശ്ശബ്ദമാക്കുന്നു. റിസർവ് ബാങ്കിന്റെ  അവകാശങ്ങൾപോലും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്നു. ഏറ്റവുമൊടുവിൽ സാക്ഷി മഹാരാജും യോഗി ആദിത്യനാഥുമൊക്കെ  നടത്തിയ പ്രതികരണങ്ങൾ അവർ അധികാരത്തിലെത്തിയാൽ രാജ്യം നേരിടാനിരിക്കുന്ന അപകടത്തെക്കുറിച്ചാണ‌് സൂചിപ്പിച്ചത‌്. രാഷ‌്ട്രീയ എതിരാളികളെ അടിച്ചമർത്താൻ സിബിഐ, എൻഫോഴ‌്സ‌്മെന്റ‌് തുടങ്ങിയവയെയെല്ലാം  ഉപയോഗിക്കുകയാണ‌്.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ‌് ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നയവുമായി ജനങ്ങൾക്കരികിലെത്തുന്നത‌്. കേരളത്തിലെ എൽഡിഎഫ‌് സർക്കാർ  ഇതിന‌് മാതൃകയാണ‌്. ഈ തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ നിലപാട‌് സ്വീകരിക്കുന്ന പാർടികളെ തെരഞ്ഞെടുക്കാനുള്ള കടമ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൂർണിക്കര പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ നടന്ന കുടുംബസംഗമത്തിൽ  പ്രവാസിസംഘം ഏരിയ പ്രസിഡന്റ‌് പി എൻ ദേവാനന്ദൻ അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ‌് സെക്രട്ടറി സി കെ ജലീൽ, പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം എം യു അഷ‌്റഫ‌്, ജില്ലാ സെക്രട്ടറി സി എം നാസർ, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ എന്നിവർ സംസാരിച്ചു. പി എ നാസർ സ്വാഗതവും എ എം അബ്ദുൾ കരീം നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ മൊഹനൻ, എൽഡിഎഫ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി സലീം എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top