04 April Saturday

പൗരത്വപ്രക്ഷോഭത്തിൽ നേതൃത്വത്തിന് വിമര്‍ശം; തെറിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍

സ്വന്തം ലേഖകൻUpdated: Tuesday Feb 11, 2020

കോൺഗ്രസ്‌  ഭാരവാഹിചമഞ്ഞ് നടക്കുന്നവർ ചുമതല നിർവഹിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ സ്ഥാനത്തുനിന്ന്‌ തെറിപ്പിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി  ഭാരവാഹിയോഗത്തിലാണ്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകിയത്‌. പൗരത്വ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസം ആർജിക്കാൻ കഴിയുന്ന തരത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫിനാണ്‌ കഴിഞ്ഞതെന്ന്‌ വി സുബ്രഹ്‌മണ്യൻ, ടി സിദ്ദിഖ്‌ തുടങ്ങിയവർ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ്‌ ചുമതലാ നിർവഹണത്തെ സംബന്ധിച്ച്‌ മുല്ലപ്പള്ളി ആഞ്ഞടിച്ചത്‌.

ജില്ലകളുടെ ചുമതലകൾ നൽകിയിട്ടുള്ള കെപിസിസി ഭാരവാഹികളും  ഡിസിസി ഭാരവാഹികളും വീഴ്ചവരുത്തിയാൽ അവരുടെ സ്ഥാനം തിരിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടികളുണ്ടാകുമെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. പ്രവർത്തന റിപ്പോർട്ട് കെപിസിസിക്ക്  നൽകണമെന്നും നിർദേശമുണ്ട്‌. വാർഡ്തല പുനഃസംഘടന 28നുമുമ്പ് പൂർത്തീകരിക്കണം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക്‌ മാർഗനിർദേശം തയ്യാറാക്കാൻ സമിതിയുണ്ടാക്കും. ചർച്ചകളിൽ പങ്കെടുക്കുന്നവർ സമിതി നൽകുന്ന അഭിപ്രായങ്ങൾ ചർച്ച ചെയ്യണമെന്നും ഭാരവാഹിയോഗം വിലയിരുത്തി. 

സഭാതർക്ക വിഷയത്തിൽ പാർട്ടിയുടെ നിലപാട് തീരുമാനിക്കാൻ കെപിസിസി പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.  തർക്കത്തിൽ പാർട്ടി ഇടപെടാതെ മാറിനിൽക്കുന്നത് ശരിയല്ലെന്ന് ജോസഫ് വാഴയ്ക്കൻ, സക്കീർ ഹുസൈൻ എന്നിവർ ചൂണ്ടിക്കാട്ടി. 


പ്രധാന വാർത്തകൾ
 Top