01 April Wednesday

കേന്ദ്രഅവഗണന അവസാനിപ്പിക്കണം: സിപിഐ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


പ്രളയങ്ങളും ദുരന്തങ്ങളും ഏൽപ്പിച്ച കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ തീവ്രശ്രമത്തിലുള്ള കേരളത്തോട് കേന്ദ്രം പുലര്‍ത്തുന്ന ക്രൂരമായ അവ​ഗണനയ്ക്ക് അറുതിവേണമെന്ന്   സിപിഐ സംസ്ഥാന കൗൺസിൽ. 

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ളത്  ജന്മി  അടിയാൻ ബന്ധമല്ല. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലുള്ള അവഗണന എല്ലാ സീമകളും ലംഘിച്ചു. കേന്ദ്ര  ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു. ജിഎസ്ടി  കുടിശ്ശിക 3000 കോടി നൽകുന്നില്ല.  കേന്ദ്ര നികുതിവിഹിതത്തിൽ മുൻവർഷം ലഭിച്ചതിന്റെ 35 ശതമാനംപോലും ലഭിക്കില്ലെന്നും വ്യക്തമായി.

മോഡി സർക്കാർ കേരളത്തോടു കാട്ടുന്ന ക്രൂരമായ അവഗണനയ്‌ക്കും വിവേചനത്തിനുമെതിരെ  ജനതയൊന്നാകെ രംഗത്തിറങ്ങണമെന്നും  പ്രമേയത്തിൽ പറഞ്ഞു.
കെ കെ വൽസരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മയിൽ, അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു,  സത്യൻ മൊകേരി എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top