05 December Thursday

സിലിയുടെ ആഭരണങ്ങൾ ജോളി മാറ്റിവാങ്ങി ; മാത്യുവിനെ നാളെ കസ്‌റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ സ്വർണാഭരണങ്ങൾ ജോളി തട്ടിയെടുത്തെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ഈ ആഭരണങ്ങൾ വിറ്റ്‌ താമരശേരിയിലെ ജ്വല്ലറിയിൽനിന്ന്‌ പുതിയത്‌ വാങ്ങിയതായും പരിശോധനയിൽ വ്യക്തമായി. ഇതിൽ ഭർതൃമാതാവ്‌ അന്നമ്മയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

സിലിയുടെ  ബന്ധുക്കളുടെ പരാതിയിലാണ്‌ അന്വേഷണം ആരംഭിച്ചത്‌.  സ്വർണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്‌എൻഎൽ ജീവനക്കാരൻ ജോൺസൻ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടർന്ന്‌ ജോൺസനെ ചോദ്യംചെയ്‌തു.  ജോൺസൻ 66 ഗ്രാം സ്വർണം ഹാജരാക്കി. എന്നാൽ, ഇത്‌  സിലിയുടേതല്ലെന്ന്‌  സഹോദരൻ സിജോയും സഹോദരി സ്‌മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ്‌ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങിയെന്ന നിഗമനത്തിൽ എത്തിയത്‌.

രണ്ടാം പ്രതി എം എസ്‌ മാത്യുവിനെ ചോദ്യംചെയ്‌തപ്പോഴാണ്‌ പഴയ സ്വർണാഭരണം വിറ്റ്‌ പുതിയത്‌ വാങ്ങാൻ സഹായിച്ചെന്ന് വ്യക്തമായത്‌. മാത്യു ജോലിചെയ്‌ത താമരശേരിയിലെ കടയിലാണ്‌ സ്വർണം മാറ്റി വാങ്ങിയത്‌.  കടയിൽനിന്ന്‌ ജോളിയുടെ പേരിലുള്ള ബില്ലുകൾ കണ്ടെടുത്തു.
സ്വന്തം ആഭരണങ്ങളാണെന്നാണ്‌ ജോളി മാത്യുവിനോട്‌ പറഞ്ഞതെന്നാണ്‌ മൊഴി.  ജോളി നേരിട്ട്‌ കടയിൽ എത്തിയാണ്‌ പുതിയ സ്വർണാഭരണം വാങ്ങിയതെന്ന്‌ ജീവനക്കാരും മൊഴി നൽകി.

സ്വർണാഭരണങ്ങൾ സിലി ആരാധനാലയത്തിന്‌ നൽകിയെന്നാണ്‌  രണ്ടാം ഭർത്താവ്‌ ഷാജു പറഞ്ഞത്‌. ഈ മൊഴി നൽകാനുള്ള സാഹചര്യം  പൊലീസ്‌ പരിശോധിക്കുന്നു.

മാത്യുവിനെ നാളെ കസ്‌റ്റഡിയിൽ വാങ്ങും
കൂടത്തായി കൊലപാതക പരമ്പരയിൽ ആൽഫെയ്‌ൻ വധവുമായി ബന്ധപ്പെട്ട്‌ രണ്ടാം പ്രതി എം എസ്‌ മാത്യുവിനെ അന്വേഷണ സംഘം തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജയിലിലെത്തി മാത്യുവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു. ആൽഫെയ്‌നെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ്‌ എത്തിച്ചുനൽകിയത്‌ മാത്യുവാണെന്നാണ്‌ ആരോപണം. ഇതുമായി ബന്ധപ്പെട്ട്‌ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മാത്യുവിന്റെ കസ്‌റ്റഡി അനിവാര്യമാണെന്നാണ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം.

തിങ്കളാഴ്‌ച താമരശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ രണ്ട്‌ ജഡ്‌ജിമാരും അവധി ആയതിനാൽ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാകും മാത്യുവിനെ ഹാജരാക്കുക. കസ്‌റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ജോളിയെയും തിങ്കളാഴ്‌ച കൊയിലാണ്ടി കോടതിയിൽ ഹാജരാക്കും. ജോളിയെ കൂടുതൽ ദിവസം കസ്‌റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച്‌ അന്വേഷണ സംഘം ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.


പ്രധാന വാർത്തകൾ
 Top