24 October Thursday

മലപിളർത്തിയ മനസ്സുകൾക്ക്‌ ആശ്വാസത്തലോടൽ

സുരേഷ്‌ പൂവത്തിങ്കൽUpdated: Tuesday Sep 10, 2019


കവളപ്പാറ (മലപ്പുറം)
ഉരുളെടുത്ത ഉറ്റവരുടെ ഓർമയിൽ വേദന കടിച്ചമർത്തി അവർ ധനസഹായം ഏറ്റുവാങ്ങുമ്പോൾ കവളപ്പാറയുടെ ഹൃദയംവിങ്ങി. മുത്തപ്പൻമലയിടിഞ്ഞ്‌  മൺമറഞ്ഞവരുടെ ബന്ധുക്കൾക്കുള്ള മരണാനന്തരസഹായ വിതരണത്തിന്‌ നാട്‌ നിറകണ്ണുകളോടെ സാക്ഷിയായി. ആദ്യഘട്ടം 36 പേരുടെ ആശ്രിതർക്ക്‌ നാലുലക്ഷം രൂപവീതം മന്ത്രി കെ ടി ജലീൽ നൽകി. പ്രളയദുരിതബാധിതർക്കായി പോത്ത്കല്ലിൽ ജില്ലാ ഭരണകേന്ദ്രം സംഘടിപ്പിച്ച ഓണാഘോഷത്തിലായിരുന്നു ചടങ്ങ്‌. 

കവളപ്പാറ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ഒരുസ്ഥലത്തുതന്നെ പുന്നരധിവസിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. 59 പേരാണ് മരിച്ചത്‌. ചില നിയമതടസ്സം ഒഴിവാക്കാനുള്ള ശ്രമം പൂർത്തിയായാൽ  മറ്റുള്ള കുടുംബങ്ങൾക്ക്‌ സഹായമെത്തും. ദുരന്തത്തിൽനിന്ന്‌ മോചനംനേടി മുന്നോട്ടുപോകണം. അതിന് ഐക്യത്തോടെ ഒരുങ്ങുന്നതിനാണ്‌ ഓണാഘോഷമെന്നും മന്ത്രി പറഞ്ഞു. പി വി അൻവർ എംഎൽഎ അധ്യക്ഷനായി. 

കേരള ഗവ. നേഴ്സസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്‌ ഒരുക്കി. മൃതദേഹങ്ങൾ  പോസ്റ്റ്മോർട്ടംചെയ്യാൻ പള്ളി വിട്ടുനൽകിയ പോത്തുകല്ല് മസ്ജിദുൽ മുജാഹിദ്ദീൻ ഭാരവാഹികളായ മുഹമ്മദ് അബ്ദുറഹിമാൻ, അബ്ദുൾകരീം എന്നിവരെ മന്ത്രി ആദരിച്ചു.
 


പ്രധാന വാർത്തകൾ
 Top