20 June Sunday

ഇത്‌ സമരമല്ല, മഹാരോഗത്തില്‍ മുക്കാനുള്ള ദുഷ്ടപ്രവൃത്തി; നിയന്ത്രണങ്ങള്‍ക്ക് മറ്റ്‌ മാനം നല്‍കുന്നത്‌ വിഷപ്രയോഗം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


തിരുവനന്തപുരം
യുഡിഎഫും ബിജെപിയും ഇപ്പോൾ നടത്തുന്നത്‌ സമരമല്ലെന്നും നാടിനെ മഹാരോഗത്തിൽ മുക്കാനുള്ള ദുഷ്ടപ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മൽപ്പിടിത്തം നടത്തുകയും ചെയ്യുന്നത്‌ നാടിനെ വലിയ വിപത്തിലേക്ക്‌ നയിക്കും. ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിടുന്നതിൽ എന്തു രാഷ്ട്രീയനേട്ടമാണുള്ളതെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.

സമരം നടത്തുന്നതിന്‌ ആരും എതിരല്ല. പക്ഷേ, അത് നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സഹപ്രവർത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കരുത്. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടപ്പെടുത്തരുത്. നേതാക്കൾക്ക്‌ കഴിയുന്നില്ലെങ്കിൽ അണികളെങ്കിലും ഇക്കാര്യം ചിന്തിക്കണം.

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തെ അട്ടിമറിക്കാനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്താനും ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്. രോഗവ്യാപനം അത്യന്തം ഗുരുതരമായ ഘട്ടത്തിൽ കോവിഡ്‌ പ്രതിരോധമൊന്നും തങ്ങൾക്ക്‌ ബാധകമല്ലെന്ന മട്ടിൽ ഒരുകൂട്ടർ ഒരുമ്പെട്ടിറങ്ങുന്നു. ഈ കാട്ടുന്നതൊക്കെ ശരിയാണോ എന്ന്‌ ജനം വിലയിരുത്തട്ടെ. ഇത്‌ ശരിയായ രീതിയല്ലെന്നും തിരുത്തണമെന്നും അഭ്യർഥിക്കുകയാണ്‌. ലോക്‌ഡൗണിന്റെ ഭാഗമായി പൊലീസിന്‌ ഫലപ്രദമായി ഇടപെടാൻ വ്യവസ്ഥയുണ്ട്‌. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ ദൗർബല്യമായി കണ്ട്‌ ഇതൊരു സ്ഥിരം പരിപാടിയാക്കരുത്‌. ഒരു വഴിയുമില്ലെങ്കിൽ മറ്റ്‌ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണം ആരിലേക്കെന്ന ‌നെഞ്ചിടിപ്പ്‌
മുമ്പുള്ള കള്ളക്കടത്തുകൾ കൂടി എൻഐഎ അന്വേഷിക്കുന്നതോടെ അത്‌ ആരിലേക്കൊക്കെ എത്തിച്ചേരുമെന്ന നെഞ്ചിടിപ്പാണ്‌ പ്രതിപക്ഷത്തിനെന്ന്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ്‌ ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമങ്ങൾക്ക്‌ കാരണം.‌  ഏത്‌ ഏജൻസി അന്വേഷിക്കണമെന്ന്‌ കേന്ദ്രമാണ്‌ തീരുമാനിക്കേണ്ടത്‌. എൻഐഎ ഫലപ്രദമായി അന്വേഷിക്കാൻ പറ്റുന്ന ഏജൻസി തന്നെയാണ്‌. സംസ്ഥാനത്തിന്റെ അഭ്യർഥന അംഗീകരിച്ച്‌ പെട്ടെന്നുതന്നെ കേന്ദ്രനടപടിയുണ്ടായത്‌ സ്വാഗതാർഹമാണ്‌.

അന്വേഷണം നടക്കട്ടെ.  വ്യാജ സർട്ടിഫിക്കറ്റ്‌ ഉപയോഗിച്ചാണോ വിവാദ വനിത ജോലി നേടിയതെന്ന കാര്യം പരിശോധിക്കാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം‌ പ്രതികരിച്ചു.

പരിശോധനകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നു
പൂന്തുറ പ്രദേശത്ത്‌ ആന്റിജെൻ പരിശോധന നടത്തുന്നതിനെപ്പറ്റി ചിലർ തെറ്റിദ്ധാരണ പരത്തുന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് സ്ക്രീനിങ്ങിനായി ഏറ്റവും നല്ല പരിശോധന എന്നതിനാൽ തന്നെയാണ്‌ ആന്റിജെൻ ടെസ്റ്റ് ഉപയോഗിക്കുന്നത്‌. ഇതിനെ മറ്റൊരർഥത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹത്തോടുള്ള അക്രമവും വെല്ലുവിളിയുമാണ്.പ്രാഥമികമായി ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗമായതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമാണ്‌ വൈറസിന്റെ സാന്നിധ്യം കൂടുതലുണ്ടാവുക. ആ ഭാഗത്തെ സ്രവമാണ് പരിശോധനയ്‌ക്ക് എടുക്കുന്നത്.

കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളുണ്ട്‌. ന്യൂക്ലിക്‌ ആസിഡ് എന്ന ഉൾഭാഗവും പ്രോട്ടീൻ എന്ന പുറംഭാഗവും. പിസിആർ ടെസ്റ്റിൽ ന്യൂക്ലിക്‌ ആസിഡ് ഭാഗവും ആന്റിജെൻ ടെസ്റ്റിൽ പ്രോട്ടീൻ ഭാഗവുമാണ് പരിശോധിക്കുന്നത്‌. രണ്ടും രോഗനിർണയത്തിന് ഒരുപോലെ സഹായകരമാണ്. പിസിആർ ഫലം കിട്ടാൻ ആറു മണിക്കൂർവരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബും യന്ത്രങ്ങളും വേണം. ആന്റിജെൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. പരിശോധന നടത്തുന്നിടത്ത് വച്ചുതന്നെ ഫലം അറിയാം. ലബോറട്ടറിയിൽ അയക്കേണ്ടതില്ല.

രണ്ടിനും പരിമിതികളുമുണ്ട്.  രോഗം ഭേദമായി കഴിഞ്ഞാലും ചിലരിൽ പിസിആർ ടെസ്റ്റ് പോസിറ്റീവ് ആകും. വൈറസിന്റെ ചില ഭാഗങ്ങൾ തുടർന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആന്റിജെൻ ഫലം നെഗറ്റീവാകും. അതുപോലെ രോഗലക്ഷണമുള്ളവരിൽ ആന്റിജെൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും സുരക്ഷയ്‌ക്കായി പിസിആർ ടെസ്റ്റും നടത്താറുണ്ട്. രോഗാണു പ്രവേശിച്ചാൽ  ശരീരത്തിൽ ആന്റിബോഡി (പ്രതി വസ്തു) ഉണ്ടാകും. ഇത്‌ പരിശോധിക്കാൻ ആന്റിബോഡി പരിശോധനയും നടത്തുന്നു.

നിയന്ത്രണങ്ങള്‍ക്ക് മറ്റ്‌ മാനം നല്‍കുന്നത്‌ വിഷപ്രയോഗം
തിരുവനന്തപുരത്ത്‌ സമൂഹവ്യാപനം തടയാൻ പഴുതടച്ച രോഗപ്രതിരോധ മാർഗങ്ങൾ നടപ്പാക്കുമ്പോഴാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ വ്യാജപ്രചാരണവും അട്ടിമറിനീക്കവുമായി ചിലർ ഇറങ്ങുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധപ്രവർത്തനങ്ങളെ കീഴ്പ്പെടുത്താമെന്നു വന്നാൽ ഒരിടത്തും ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതിയാകും. നിയന്ത്രണങ്ങൾക്ക് മറ്റു മാനങ്ങൾ നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് പൂന്തുറയിലുള്ളത്‌. അവരെ ദുഷ്‌പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്റിജൻ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കിൽ പോലും പോസിറ്റീവാകുമെന്നും നിരീക്ഷണകേന്ദ്രത്തിൽ പോയാൽ കോവിഡ് ബാധിക്കുമെന്നും യൂത്ത്കോൺഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീർക്കലാണെന്നും തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നുമൊക്കെ പ്രചാരണമുണ്ടായി. ആരോഗ്യപ്രവർത്തകർക്കു മുന്നിൽ ബാരിക്കേഡ് സൃഷ്ടിച്ച് സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങൾ സ്വാഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവച്ച് ചിലർ ചെയ്യിക്കുന്നതാണ്. വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന പ്രവർത്തനങ്ങൾ മുളയിലേ നുള്ളാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top