11 December Wednesday

ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


ജനവിരുദ്ധ–- ദേശവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ശബ്ദമുയർത്താൻ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവൻ തൊഴിലാളികളോടും അഭ്യർഥിച്ചു. രണ്ടാം മോഡി സർക്കാരിന്റെ ബജറ്റ് ജനങ്ങൾക്ക് ദുരിതവും കോർപറേറ്റുകൾക്ക് സമ്പത്ത് വാരിക്കൂട്ടാൻ അവസരവും നൽകുന്നതാണ്. ഒന്നാം മോഡി സർക്കാർ തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം തകർത്തു. മിനിമം വേതനം മാസം 18,000 രൂപയാക്കണമെന്ന അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ആവശ്യം ചെവിക്കൊണ്ടില്ല.

നിക്ഷേപ സൗഹൃദ രാജ്യം സൃഷ്ടിക്കുക എന്ന മുദ്രാവാക്യത്തിന്റെ മറവിൽ എല്ലാ തൊഴിൽനിയമങ്ങളും പിച്ചിച്ചീന്താനാണ‌് ശ്രമം. അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ‌്ക്ക‌് ഒരു നിർദേശവും ബജറ്റിലില്ല. കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിർദേശവുമില്ല. പെട്രോൾ–-ഡീസൽ വില വർധിപ്പിച്ച ബജറ്റ് ജനങ്ങളുടെമേൽ വലിയ ഭാരമാണ് കയറ്റിവച്ചത്.

തെരഞ്ഞെടുപ്പിൽ പണമൊഴുക്കാൻ സഹായിച്ച കോർപറേറ്റുകൾക്ക് രാഷ്ട്രത്തിന്റെ സമ്പത്ത് ഏൽപ്പിച്ചുകൊടുക്കുന്ന നിർദേശങ്ങളാണ്  ബജറ്റിലുള്ളത‌്. പൊതുമേഖലാ ഓഹരിവിൽപ്പനയിലൂടെ 1.05 ലക്ഷം കോടി സംഭരിക്കാനുള്ള ലക്ഷ്യം ഇതിന്റെ ഭാഗമാണ‌്. ജനങ്ങൾക്ക് ദുരിതവും കുത്തകകൾക്ക‌് ആനുകൂല്യങ്ങളും എന്നതാണ‌് ബജറ്റിന്റെ യഥാർഥ സ്വഭാവം. സംസ്ഥാനം സമർപ്പിച്ച ഒരാവശ്യവും അംഗീകരിക്കാൻ ബജറ്റിൽ കേന്ദ്രം തയ്യാറാകാത്തത‌് പ്രതിഷേധാർഹമാണ്. എൻഡിഎ സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധ പ്രകടനങ്ങളും  പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ ട്രേഡ് യൂണിയനുകളോടും തൊഴിലാളികളോടും സിഐടിയു അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top