ന്യൂഡൽഹി
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായാലേ സർക്കാർ രൂപീകരിക്കാൻ കഴിയൂ എന്ന കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണിയുടെ വാദം ചരിത്രവിരുദ്ധം. 1989 മുതലുള്ള തെരഞ്ഞെടുപ്പ‌് ചരിത്രത്തിൽ മിക്കപ്പോഴും വലിയ ഒറ്റക്കക്ഷിയല്ല സർക്കാരിനു നേതൃത്വം നൽകിയത‌്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും കോൺഗ്രസിന‌് ഈയിടെ പല സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞതുമില്ല.
ബൊഫോഴ‌്സ‌് അഴിമതി സജീവ ചർച്ചയായ 1989ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് വൻതോതിൽ സീറ്റ‌് നഷ്ടപ്പെട്ടെങ്കിലും 197 സീറ്റോടെ വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞിരുന്നു. എന്നാൽ, 143 സീറ്റ‌് ലഭിച്ച ജനതാദളിന്റെ നേതൃത്വത്തിലാണ‌് വി പി സിങ‌് സർക്കാർ അധികാരത്തിൽവന്നത‌്. രഥയാത്ര നടത്തിയ എൽ കെ അദ്വാനിയെ ബിഹാറിലെ സമസ‌്തിപുരിൽ അറസ‌്റ്റുചെയ‌്തതിനെത്തുടർന്ന‌് ബിജെപി വി പി സിങ‌് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന‌് 64 എംപിമാരെ അടർത്തിയെടുത്ത‌് ജനതാദൾ പിളർത്തി, സമാജ‌്‌വാദി ജനതാ പാർടി രൂപീകരിച്ച ചന്ദ്രശേഖർ കോൺഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായി. കോൺഗ്രസ‌് പുറത്തുനിന്ന‌് പിന്തുണ നൽകുകയായിരുന്നു.
1996ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. എ ബി വാജ‌്പേയിയുടെ നേതൃത്വത്തിൽ സർക്കാർ നിലവിൽ വന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ 13–-ാം ദിവസം രാജിവച്ചു. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ‌് സർക്കാർ രൂപീകരണത്തിനു തയ്യാറായില്ല. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിനു പുറത്തുനിന്ന‌് പിന്തുണ നൽകി. 18 മാസത്തിനുശേഷം നിസ്സാര കാരണങ്ങളുടെ പേരിൽ കോൺഗ്രസ‌് പിന്തുണ പിൻവലിച്ചു. അതേസമയം, തെരഞ്ഞെടുപ്പ‌് ഒഴിവാക്കാൻ വീണ്ടും ഐക്യമുന്നണി സർക്കാരിനെ കോൺഗ്രസിന‌് പിന്തുണയ‌്ക്കേണ്ടിവന്നു. ഐ കെ ഗുജ‌്‌റാളിന്റെ നേതൃത്വത്തിൽ സർക്കാർ വന്നു. കോൺഗ്രസിന‌് അധികകാലം ഈ സംവിധാനം സഹിക്കാൻ കഴിഞ്ഞില്ല. എട്ടുമാസം പിന്നിട്ടപ്പോൾ പിന്തുണ പിൻവലിച്ചു. ഗുജ‌്‌റാൾ താൽക്കാലിക പ്രധാനമന്ത്രിയായി മൂന്നു മാസംകൂടി തുടർന്നു. 1998ൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപി നേതൃത്വത്തിൽ എൻഡിഎ രൂപീകരിച്ച‌് ഭരണംപിടിച്ചു. എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന‌് 1999ൽ വിശ്വാസവോട്ടെടുപ്പിൽ വാജ‌്പേയി സർക്കാർ ഒരു വോട്ടിന‌് പരാജയപ്പെട്ടു. അക്കൊല്ലം നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വന്നു. 2004ൽ കോൺഗ്രസ‌് കഷ്ടിച്ചാണ‌് ഏറ്റവും വലിയ കക്ഷിയായത‌്–- 145 സീറ്റ‌്. ബിജെപിക്ക‌് 138 സീറ്റായിരുന്നു. എന്നാൽ, 60 സീറ്റ‌് ലഭിച്ച ഇടതുമുന്നണിയും 36 സീറ്റുണ്ടായിരുന്ന എസ‌്പിയും 19 സീറ്റുണ്ടായിരുന്ന ബിഎസ‌്പിയും കോൺഗ്രസ‌് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകി.
അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ ഗോവ, മണിപ്പുർ, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ‌് ഏറ്റവും വലിയ കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ‌് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച‌് ബിജെപി ഭരണം നേടി. കോൺഗ്രസ‌് ഹൈക്കമാൻഡ‌് നോക്കുകുത്തിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..