31 March Friday

ഇന്നു തുടങ്ങും : ചാകരയെക്കുറിച്ച് ദേശീയ ശില്‍പ്പശാല

വെബ് ഡെസ്‌ക്‌Updated: Friday Feb 10, 2017


കൊച്ചി > കേരളതീരത്ത് കാണപ്പെടുന്ന ചാകര (മഡ് ബാങ്ക്സ്)യെക്കുറിച്ചും സാമൂഹ്യ സ്വാധീനത്തെക്കുറിച്ചും ആശങ്കളെക്കുറിച്ചുമുള്ള ദേശീയ ശില്‍പ്പശാല വെള്ളി, ശനി ദിവസങ്ങളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യാനോഗ്രഫി റീജണല്‍ സെന്റര്‍ എന്നിവരാണ് സംഘാടകര്‍.

രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം സി ദത്തന്‍ ശില്‍പ്പശാല ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് നാല് സെഷനുകളിലായി സമുദ്രപഠന വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. ശനിയാഴ്ച പകല്‍ മൂന്നിന് നടക്കുന്ന സമാപന ചടങ്ങില്‍ എര്‍ത്ത് കമീഷന്‍ ചെയര്‍മാനും ഭൂമിശാസ്ത്ര മന്ത്രാലയ സെക്രട്ടറിയുമായ ഡോ. എം രാജീവന്‍ നായര്‍ മുഖ്യാതിഥിയാകും.

മണ്‍സൂണ്‍കാലത്ത് മത്സ്യവും ചെമ്മീനും വലിയതോതില്‍ ഒന്നിച്ച് അടിഞ്ഞുകൂടുന്ന പ്രതിഭാസമാണ് ചാകര. അയല, ചാള, ചെമ്മീന്‍ തുടങ്ങിയ മത്സ്യക്കൂട്ടം ഒത്തുചേര്‍ന്നുണ്ടാകുന്ന ചാകര മത്സ്യത്തൊഴിലാളികള്‍ക്ക് ആഹ്ളാദത്തിന്റെയും പണക്കൊയ്ത്തിന്റേതുമാണ്. ജൂണ്‍, ജൂലൈയില്‍ കാണപ്പെടുന്ന ചാകര ചില അവസരങ്ങളില്‍ ആഗസ്ത്വരെ നീളാറുണ്ട്. ബീച്ചുകളിലെ മണ്ണൊലിപ്പ് തടയുന്നതിനും ചാകര സഹായകമാകുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ശാന്തവും ചളിനിറഞ്ഞ വെള്ളമുള്ളതും ജീവശാസ്ത്രപരമായ രൂപീകരണവുമാണ് ചാകര. കേരളത്തോടടുത്ത തീരങ്ങളില്‍ കനത്ത തിരയുള്ളപ്പോഴാണ് ചാകര കൂടുതലായി കാണപ്പെടുന്നത്.

ചാകരയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ചളി കടലിലേക്ക് ഒഴുകുകയും ഇത് അടിഞ്ഞുകൂടി ചാകരയായി മാറുന്നുവെന്നും ചില പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ചില ജൈവ പദാര്‍ഥങ്ങളുടെ വന്‍തോതിലുള്ള ലഭ്യത മത്സ്യങ്ങളെ കൂട്ടമായി ആകര്‍ഷിക്കുന്നതാണ് ചാകരയ്ക്ക് കാരണമെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഈ പശ്ചാത്തലമാണ് കൊച്ചിയില്‍ നടക്കുന്ന ദേശീയ ശില്‍പ്പശാലയുടെ  പ്രസക്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top