26 March Tuesday
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നവമാധ്യമങ്ങളില്‍ ആരോഗ്യപരമായ ഇടപെടല്‍ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

തിരുവനന്തപുരം> നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ആധുനികകാലത്ത് ആരോഗ്യകരവും അനാരോഗ്യകരവുമായ ഇടപെടലുകള്‍ക്ക് നവമാധ്യമങ്ങള്‍  ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യപരമായ ഇടപെടല്‍ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്.

അര്‍പ്പണബോധത്തോടെ ചുമതലപ്പെട്ടവര്‍ പ്രവര്‍ത്തിച്ചതും ഇതിന് കാരണമായി.അറിയിപ്പുകള്‍, ബോധവല്‍ക്കരണം, സൈബര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് 2011 ല്‍ കേരളാ പോലീസ് ഫേസ്‌ബുക്ക് പേജ് ആരംഭിച്ചത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ പേജ് വന്‍ സ്വീകാര്യത നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രോളുകളിലൂടെയും തമാശകളിലൂടെയും വിവിധതരം സന്ദേശങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. കേരളാപോലീസിന്റെ ഫേസ്‌ബുക്ക് പേജ് ന്യുയോര്‍ക്ക് പോലീസിന്റെ പേജിനെ മറികടന്നത് അടുത്തിടെയാണ്. കേരളാ പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ മൈക്രോസോഫ്റ്റ് പഠനവിഷയമാക്കിയിരുന്നു.

ചടങ്ങില്‍ ഫേസ്‌ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്റ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിന്റെ അംഗീകാരം കൈമാറി. കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ അംഗങ്ങള്‍ക്ക് മൊമെന്റോ സമ്മാനിച്ചു.

'ടേക്ക് കെയര്‍, ബിവെയര്‍, ശ്രദ്ധ' എന്ന പേരില്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും കേരള റെയില്‍വേ പോലീസും നിര്‍മിച്ച റെയില്‍വേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top