08 December Sunday

മാത്യു വധം: ജോളിയെ തെളിവെടുപ്പിനെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


കോഴിക്കോട്‌
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കൂടത്തായിയിൽ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.  ഭർതൃമാതാവിന്റെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്‌.   കൂടത്തായിലെ പൊന്നാമറ്റം തറവാട്‌, മാത്യുവിന്റെ  വീട്‌, ഓമശേരിയിലെ ശാന്തി ആശുപത്രി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്‌.

ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ആർ ഹരിദാസൻ, കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.  പത്തരയോടെ പൊന്നാമറ്റം വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.  തുടർന്ന്‌ മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിലെത്തിച്ചു.  മാത്യുവിന്റെ ഭാര്യ അന്നമ്മയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യംചെയ്‌തു. ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചും തെളിവെടുത്തു. ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കുടുംബത്തിൽ നടത്തിയ മൂന്ന്‌ കൊലപാതകങ്ങൾ പുറത്തറിയാതിരിക്കാനാണ്‌ മാത്യുവിനെ കൊലപ്പെടുത്തിയത്‌ എന്നാണ്‌ ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോട്‌ പറഞ്ഞിരിക്കുന്നത്‌.  ഭർത്താവ്‌ റോയ്‌ തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്‌ മാത്യുവായിരുന്നു. മാത്യുവിന്റെ ബന്ധുവിന്റെ വിവാഹം നടന്ന ദിവസമായിരുന്നു കൊലപാതകം. മാത്യുവിനെ കൊല്ലാൻവേണ്ടിയാണ്‌ വിവാഹത്തിൽ പങ്കെടുക്കാൻ പോകാതിരുന്നത്‌. മദ്യത്തിൽ സയനൈഡ്‌ കലർത്തിയാണ്‌ കൊലപാതകം നടത്തിയതെന്നും ആദ്യശ്രമത്തിൽതന്നെ മരണം ഉറപ്പാക്കിയെന്നും ജോളി സമ്മതിച്ചിട്ടുണ്ട്‌.

അതേസമയം, സിലി വധക്കേസിൽ പൊലീസ്‌ കസ്‌റ്റഡിയിലായിരുന്ന പ്രജികുമാറിനെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്‌ കോടതിയിൽ ഹാജരാക്കിയ പ്രജികുമാറിനെ റിമാൻഡിൽ വിടുകയായിരുന്നു.  ആൽഫൈൻ കേസിലെ രണ്ടാംപ്രതി എം എസ്‌ മാത്യുവിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ്‌ നടപടി തുടങ്ങി. പ്രൊഡക്ഷൻ വാറണ്ട്‌ പുറപ്പെടുവിക്കണം  എന്നാവശ്യപ്പെട്ട്‌ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങാനാണ്‌ പൊലീസിന്റെ തീരുമാനം.


പ്രധാന വാർത്തകൾ
 Top