13 November Wednesday

സ്‌റ്റാർട്ടപ് കുതിപ്പിൽ കേരളം ; 9 മാസം 311 കോടി നിക്ഷേപം; ബഹ്‌റൈനിലും അവസരം

മിൽജിത്‌ രവീന്ദ്രൻUpdated: Wednesday Oct 9, 2019


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വികസനസാധ്യതകൾക്ക്‌ ഊർജംപകർന്ന്‌ സ്‌റ്റാർട്ടപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും വൻ കുതിപ്പ്‌. ഈവർഷം ആദ്യ ഒമ്പതു മാസത്തിൽ കേരളം ആസ്ഥാനമായ സ്‌റ്റാർട്ടപ്പുകൾ എത്തിച്ചത്‌ 311 കോടി രൂപയുടെ നിക്ഷേപം.  മുന്നൂറോളം പുതിയവ ഉൾപ്പെടെ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2200 കടന്നതായി കേരള സ്റ്റാർട്ടപ് മിഷനു (കെഎസ്‌യുഎം) വേണ്ടി ടൈ കേരളയും ഇൻക് 42ഉം ചേർന്ന്‌ തയ്യാറാക്കിയ ‘സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019’ റിപ്പോർട്ട്‌ പറയുന്നു.  

2018 വരെ സ്‌റ്റാർട്ടപ്പുകളുടെ വളർച്ച 17 ശതമാനമായിരുന്നു. ഒമ്പതു മാസത്തിനിടെ  35 ശതമാനമായി ഉയർന്നു. സ്റ്റാർട്ടപ്പുകളിൽ 36 ശതമാനം എറണാകുളത്തും 23 ശതമാനം തിരുവനന്തപുരത്തുമാണ്‌.  നിക്ഷേപം എത്തിക്കുന്നതിൽ മറ്റു പല മേഖലകളെയും ഇവ കടത്തിവെട്ടി. 602 കോടി രൂപയാണ് കേരളത്തിലെ നിക്ഷേപം.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 18 ശതമാനം വളർച്ച.  സംസ്ഥാനത്തെ 75 ശതമാനം സ്റ്റാർട്ടപ്പുകളും ഉല്പന്ന നിർമാണമേഖലയിലാണ്‌. ബാക്കി സേവനമേഖലയിലും.  ഒറ്റ സംരംഭകനിൽ ആരംഭിച്ച 39 ശതമാനവും രണ്ട് സ്ഥാപകരുള്ള 41 ശതമാനവും സ്റ്റാർട്ടപ്പുകളുണ്ട്‌.  സ്ഥാപകരിൽ 51 ശതമാനം എൻജിനിയറിങ്‌ രംഗത്തുനിന്നും 30 ശതമാനം ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ രംഗത്തുനിന്നുമാണ്‌ എത്തിയത്‌.  ഇതിൽ അഞ്ചു ശതമാനം സ്‌ത്രീകളാണ്‌.  പ്രത്യേക നയം ആവിഷ്‌കരിച്ച്‌ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളാണ്‌ ഈ വളർച്ചയ്‌ക്ക്‌ കാരണം. 1.8 ലക്ഷം ചതുരശ്രയടിയിൽ ഈവർഷം ആദ്യം കൊച്ചിയിൽ ഉദ്‌ഘാടനംചെയ്‌ത സംയോജിത സ്‌റ്റാർട്ടപ് സമുച്ചയം നിർണായകമായി. പുത്തൻ സംരംഭവുമായി മുന്നോട്ടുവരുന്നവർക്ക്‌ എല്ലാ പിന്തുണയും കേരള സ്‌റ്റാർട്ടപ് മിഷൻ നൽകുന്നു. ആറു മാസത്തിനകം മാത്രം ഇരുനൂറിലേറെ സ്‌റ്റാർട്ടപ്പുകൾക്ക്‌ സാമ്പത്തികസഹായം നൽകി. അടുത്ത അഞ്ചു വർഷം ഈ മേഖലയെ പ്രോത്സാഹിപ്പിക്കാൻ 1000 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നീക്കിവച്ചത്.

കേരള സ്‌റ്റാർട്ടപ്പുകൾക്ക്‌ ഇനി ബഹ്‌റൈനിലും അവസരം
ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി), ഫിൻടെക് തുടങ്ങിയ വിവരസാങ്കേതികവിദ്യാ മേഖലകളിൽ കേരളവും ബഹ്‌റൈനും കൈകോർക്കുന്നു. ബഹ്‌റൈൻ സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡും (ഇഡിബി) കേരള സ്റ്റാർട്ടപ് മിഷനും (കെഎസ്‌‌യുഎം) ഇതുസംബന്ധിച്ച ധാരണപത്രം കൈമാറി. ദുബായിൽ ജൈടെക്സ് സാങ്കേതികവിദ്യാവാരത്തിൽ കെഎസ്‌‌യുഎം ബിസിനസ് ഡെവലപ്മെന്റ്‌ മാനേജർ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജ്യണൽ ഡയറക്ടർ ധർമി മഗ്ദാനിയുമാണ് ധാരണപത്രം കൈമാറിയത്. 

ധാരണപത്രത്തിലെ വ്യവസ്ഥയനുസരിച്ച് കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾക്ക്‌ ബഹ്‌റൈനിലും തിരിച്ചും സംരംഭങ്ങൾ കെട്ടിപ്പടുക്കാം. സ്റ്റാർട്ടപ് പ്രതിനിധിസംഘങ്ങൾക്ക്  ബിസിനസ് സന്ദർശനങ്ങൾ നടത്തുന്നതിനുപുറമെ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള  വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും. ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി  ബന്ധം സ്ഥാപിക്കാനുള്ള  മികച്ച അന്തരീക്ഷം ഇതിലൂടെ സാധ്യമാകുമെന്ന്‌ കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.  ബഹ്‌റൈനിലെ വളരുന്ന സംരംഭകാന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന സുവർണാവസരമാണ് ഇതെന്ന് ധർമി മഗ്ദാനി പറഞ്ഞു. ഒന്നര ട്രില്യൻ ഡോളർ മൂല്യവുമായി വളരുന്ന ഗൾഫ് വിപണിയിലേക്ക്‌ പ്രവേശിക്കാൻ ഇതുപോലെ മറ്റൊരു വേദി തുറന്നുകിട്ടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top