20 November Wednesday

ശബരിമല സ്ത്രീപ്രവേശം : കേന്ദ്ര സർക്കാർ പുതപ്പിച്ച് കിടത്തി: ജി സുകുമാരൻ നായർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാർ എൻഎസ്എസിനെയും വിശ്വാസികളെയും കബളിപ്പിച്ച് പുതപ്പിച്ചു കിടത്തിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ  പറഞ്ഞു. എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ മഹാസമ്മേളനം പെരുന്ന എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയെ തുടർന്ന് ആചാരാനുഷ്ഠാനം സംരക്ഷിക്കാൻ പ്രക്ഷോഭം നടത്തിയവർക്കൊപ്പം ചേർന്ന് ‘നിങ്ങൾ സമരംചെയ്തോളു ഞങ്ങൾ കൂടെയുണ്ടെന്ന്‌’ വിശ്വസിപ്പിച്ചു. വിശ്വാസികൾക്ക് അനുകൂല വിധിയുണ്ടായില്ലെങ്കിൽ നിയമനിർമാണം നടത്തുമെന്ന് കോന്നിയിൽ തെരഞ്ഞെടുപ്പ്‌ നേട്ടത്തിനായി ഒരു കേന്ദ്രമന്ത്രി  പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. 

സംസ്ഥാന സർക്കാരും വിശ്വാസികൾക്ക്‌ എതിരാണ്‌. നവോത്ഥാനത്തിന്റെ പേര്‌ പറഞ്ഞ്‌ ഭിന്നിപ്പ്‌ ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. ദേവസ്വം ബോർഡ്‌ നിയമനത്തിൽ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നടപ്പാക്കുമെന്ന്‌ പറഞ്ഞിട്ട്‌ നടപ്പാക്കിയില്ല.
മന്നം ജയന്തി അവധിദിനമാക്കിയില്ല. ഇതെല്ലാം പരിഗണിച്ച്‌ സമദൂരം വിട്ട്‌ ശരിദൂരം സ്വീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top