ആലപ്പുഴ > കേന്ദ്ര മത്സ്യനയത്തില്‍ സമഗ്ര മാറ്റം വരുത്തണമെന്ന് പുന്നപ്രയില്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തില്‍ അവതരിപ്പിച്ച അവകാശപ്രഖ്യാപന രേഖ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജനാണ് രേഖ അവതരിപ്പിച്ചത്.
മത്സ്യകയറ്റുമതിയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പങ്ക് രണ്ടരശതമാനം മാത്രമാണെന്നും അതിനാല്‍ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നുമാണ് പുതിയ നയത്തിലെ നിര്‍ദ്ദേശം. പൊതു സ്വകാര്യപങ്കാളിത്തത്തോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മത്സ്യബന്ധനംമാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കരകയറാനാവാത്തവിധം കഠിനമായ ജീവിതദുരിതത്തിലേക്ക് വലിച്ചെറിയപ്പെടും.
കേന്ദ്ര വിജ്ഞാപനങ്ങളിലെ കര്‍ശനമായ വ്യവസ്ഥകള്‍മൂലം തീരദേശത്ത് വീട്വയ്ക്കാന്‍ പറ്റാത്ത നിലവിലുള്ള അവസ്ഥ മാറ്റാന്‍ ഭേദഗതി അടിയന്തരമായി പുറപ്പെടുവിക്കണം. തീരക്കടലില്‍ സ്വതന്ത്രമായി മത്സ്യം പിടിക്കാന്‍ അനുവദിക്കുന്ന ഇപ്പോഴത്തെ 12 നാവികമൈല്‍ പരിധി 30 നാവിക മൈലായി ഉയര്‍ത്തണം. സ്വതന്ത്രമായ ഒരു ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു.
മത്സ്യബന്ധനത്തിനാവശ്യമായ ഡീസലിനും മണ്ണെണ്ണയ്ക്കും സബ്സിഡി അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച മണ്ണെണ്ണയുടെ അളവ് പുനസ്ഥാപിക്കുക, മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ സബ്സിഡികള്‍ പുനസ്ഥാപിക്കുക, കടല്‍ക്ഷോഭവും കടലില്‍വച്ച് മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും കേന്ദ്രസര്‍ക്കാര്‍ പ്രകൃതിക്ഷോഭത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, സമ്പാദ്യ സമാശ്വാസപദ്ധതി, ഭവനനിര്‍മാണ പദ്ധതി ഇവയുടെ വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കുക, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് കേന്ദ്രവിഹിതം അനുവദിക്കുക തുടങ്ങിയവയും ആവശ്യങ്ങളാണ്.
മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ആരോഗ്യ പാക്കേജ് നടപ്പിലാക്കുക, കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ നടപടി ലഘൂകരിക്കുക, ബോര്‍ഡിലേക്ക് കയറ്റുമതിക്കാര്‍ നല്‍കേണ്ട വിഹിതം ലഭ്യമാക്കാന്‍ നടപടിയെടുക്കുക, തീരപ്രദേശത്ത് പുറമ്പോക്ക് ഭൂമികളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമിക്ക് പട്ടയം നല്‍കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ ഇറക്കുമതി ചെയ്ത് ആവശ്യത്തിന് മണ്ണെണ്ണ ന്യായവിലയ്ക്ക് നല്‍കുക, പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നതിന് മത്സ്യഫെഡ് വഴി പദ്ധതി നടപ്പിലാക്കുക, ഉള്‍നാടന്‍ ജലാശയങ്ങളെ സംരക്ഷിക്കുക, കായല്‍ കൈയേറ്റവും മലിനീകരണവും തടയുക, ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും മണല്‍ത്തിട്ടകള്‍ നീക്കുന്നതിനും കൃത്യമായി പദ്ധതി തയ്യാറാക്കുക, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമം ഉന്നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..