22 September Sunday

വലിയ ഡാമുകൾ തുറക്കേണ്ട സ്ഥിതിയില്ല: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന്‌ മന്ത്രി എം എം മണി പറഞ്ഞു. ചെറിയ ഡാമുകൾ മാത്രമാണ് തുറന്നത്. കനത്ത മഴ തുടർന്നാലും ആശങ്കപ്പെടേണ്ടതില്ല. ഇടുക്കിയിലേക്ക്‌ നീരൊഴുക്ക്‌ ശക്തമാണ്‌. എന്നാൽ, സംഭരണശേഷിയുടെ 30 ശതമാനമേ വെള്ളമുള്ളൂ.
ബാണാസുരസാഗർ ഒഴികെ എല്ലാ ഡാമിലും കുറഞ്ഞ അളവിൽ വെള്ളം മാത്രമാണുള്ളത്‌. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്‌.

ജനങ്ങളുടെയും അണക്കെട്ടുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ വെള്ളിയാഴ്ച പകൽ വരെയുള്ള കണക്കുപ്രകാരം 2232 അടിയാണ്‌ ജലനിരപ്പ്‌. ഷട്ടർ തുറന്ന്‌ വെള്ളം പുറത്തേക്കു വിടണമെങ്കിൽ 2373 അടി വെള്ളം വേണം. 2403 അടിയാണ്‌ പൂർണസംഭരണ ശേഷി. മുല്ലപ്പെരിയാർ തുറന്നുവിട്ടാലും അധികമായെത്തുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കി അണക്കെട്ടിന്‌ കഴിയും.

ബാണാസുരസാഗറിൽ 771.2 അടി വെള്ളമുണ്ട്‌. 773.9 അടിയെത്തിയാൽ ഡാം തുറക്കേണ്ടിവരുമെന്ന്‌ കെഎസ്‌ഇബി ചെയർമാൻ എൻ എസ്‌ പിള്ള പറഞ്ഞു. വൈദ്യുതി ബോർഡ്‌ യോഗംചേർന്ന്‌ കൃത്യമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്‌. ദേശീയ ജലകമീഷൻ മാനദണ്ഡം അനുസരിച്ചാണ്‌ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top